തൃശൂർ:കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലം വർഷത്തിലെ 324 ദിവസവും ഒഴിഞ്ഞുകിടക്കുകയാണ്. 41 ദിവസം മാത്രമാണ് അമ്മന്നൂർ കുടുംബം കൂത്ത് അവതരിപ്പിക്കുന്നത്. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കൂത്തമ്പലം പരിപാലനമില്ലാതെ ഇത്രയും ദീർഘകാലം അടച്ചിടരുതെന്ന് വിദഗ്ദ്ധർ പറയുന്നു. കേന്ദ്രസർക്കാർ അനുവദിച്ച മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് കൂത്തമ്പലം നവീകരിച്ചത്.
കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. നിർമ്മിതിയിൽ ഏറ്റവും മികച്ച കൂത്തമ്പലമായാണ് വാസ്തു വിദഗ്ദ്ധർ കരുതുന്നത്. ഇതിന്റെ നിർമ്മാണശൈലി പഠിക്കാൻ വിദേശികൾ കഴിഞ്ഞദിവസവും എത്തിയിരുന്നു.
കൂത്തമ്പലത്തിൽ കൂത്തും കൂടിയാട്ടവും ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും അത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂർ കുടുംബത്തിനാണെന്നുമുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി തുടർനടപടികൾ ആലോചിക്കുന്നു. .
കൂത്തമ്പലങ്ങളിൽ ജാതിഭേദമന്യേ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് രണ്ടുവർഷം മുമ്പ് അനുമതി നൽകിയിരുന്നു. അതിന് പിന്നാലെ 2022 ഫെബ്രുവരി 19 നാണ് കൂടൽ മാണിക്യം ദേവസ്വം കമ്മിറ്റിയും ഹിന്ദുക്കളായ കലാകാരന്മാർക്കെല്ലാം കൂത്ത് അവതരിപ്പിക്കാൻ അനുമതി നൽകിയത്. ഇതിനെതിരെ അമ്മന്നൂർ കുടുബം നൽകിയ ഹർജിയിൽ, ദേവസ്വം തീരുമാനം 2005ലെ കൂടൽ മാണിക്യം ആക്ടിന് വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
അമ്മന്നൂർ കുടുംബത്തിന്റെ അവകാശം ഹനിക്കാതെയാണ് തീരുമാനമെന്നും തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തതാണെന്നും ദേവസ്വം വാദിച്ചു. ക്ഷേത്രാചാരത്തിന്റെ ഭാഗമായ പാരമ്പര്യ അവകാശമാണെന്നും തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
ക്ഷേത്രങ്ങളിൽ, അടിയന്തരച്ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന കൂത്തിനും കൂടിയാട്ടത്തിനും കാരായ്‌മ അവകാശം പ്രത്യേക കുടുംബങ്ങൾക്കുണ്ട്. അതിന് മുടക്കം വരാതെ മറ്റ് സമയങ്ങളിൽ എല്ലാ ജാതിക്കാർക്കും എല്ലാ കൂത്തമ്പലങ്ങളിലും അവതരിപ്പിക്കാമെന്നായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതി.
യുനെസ്‌കോ അംഗീകരിച്ച കലാരൂപമാണിത്. ജനങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ അന്യം നിന്നുപോയേക്കാം. വിധിപ്പകർപ്പ് കിട്ടിയ ശേഷം കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കും.
അഡ്വ.സി.കെ.ഗോപി
ചെയർമാൻ, കൂടൽമാണിക്യം ദേവസ്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |