കണ്ണൂർ: പി.പി.ദിവ്യയുടെ കാര്യത്തിൽ കർമ്മങ്ങൾക്ക് ഫലം അനുഭവിക്കേണ്ടിവരുമെന്നും തിരുത്തൽ പ്രക്രിയക്ക് ശേഷം തിരിച്ചുവരവിന് അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ' എന്ന അദ്ധ്യാത്മ രാമായണത്തിലെ ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പരാമർശം. ദിവ്യയ്ക്ക് കാലിടറിയതു കൊണ്ടാണ് പാർട്ടി നടപടിയെടുത്തത്. കാലിടറുന്ന ഏതു സഖാവിനെതിരെയും അച്ചടക്ക നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അത് ഒരാളെ ഇല്ലാതാക്കാനല്ല, തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയാണ്.യാത്രയയപ്പ് സമ്മേളനത്തിൽ പാലിക്കേണ്ട ഔചിത്യവും ജാഗ്രതയും ദിവ്യ കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലാഘടകം സ്വീകരിച്ച നിലപാടിൽ തെറ്റ് പറയാനാകില്ല.ചിലഘട്ടങ്ങളിൽ അതിരുവിട്ട പ്രതികരണങ്ങളുണ്ടായി.അതു തിരുത്താൻ സംസ്ഥാന നേതൃത്വം ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രിച്ചതും മറുപടി
പറഞ്ഞതും മുഖ്യമന്ത്രി
സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ എല്ലാസമയവും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിനാൽ പ്രതിനിധികളിൽ നിന്ന് കാര്യമായ വിമർശനങ്ങളുണ്ടായില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന നിലപാടിലായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിയായി തുടരാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു.പി. ബി അംഗമായ മുഖ്യമന്ത്രി തന്നെയാണ് സമ്മേളനത്തെ ഏറെക്കുറെ നിയന്ത്രിച്ചതും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളിയത് പരാജയ കാരണമായെന്ന ചില അംഗങ്ങളുടെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ആരാണ് മോശം സ്ഥാനാർത്ഥിയെന്ന് ചോദിച്ചായിരുന്നു പ്രതികരണം.എം.വി.ബാലകൃഷ്ണനോ ജയരാജനോ ശൈലജയോ മോശം സ്ഥാനാർത്ഥിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ ശൈലജയെ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചാണ് സംസാരിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയത്, പഞ്ചായത്തുകൾക്ക് പ്രവർത്തന ഫണ്ട് ലഭിക്കാതിരിക്കൽ, സാമ്പത്തിക പ്രതിസന്ധി എന്നിവ തിരഞ്ഞെടുപ്പ് പരാജയത്തിന്
കാരണമായ ഭരണപരമായ വീഴ്ചകളാണെന്ന് പ്രതിനിധികൾ വിമർശിച്ചിരുന്നു. മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ അർഹമായ ഫണ്ടു നൽകാത്തതാണ് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണമെന്ന് വിശദീകരിച്ചു.മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടെന്നും പറഞ്ഞു.
പി.ജയരാജൻ നടപടി നിഴലിൽ
ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് ഉയർത്തിയ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പി.ജയരാജനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചനയും സമ്മേളനത്തിലുണ്ടായി. വിഷയത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിന് മുമ്പേ പി.ജയരാജനെതിരെ അച്ചടക്കനടപടി വരുമെന്നാണ് സൂചന.
ഇ.പിയെ തള്ളിപ്പറയാതെ...
കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജൻ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്ന്പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. എന്നാൽ, ജാഗ്രതക്കുറവുണ്ടായി എന്നാണ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച പരാമർശിച്ച് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇ.പിയുടെ രാഷ്ട്രീയ ചരിത്രത്തെ പുകഴ്ത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |