SignIn
Kerala Kaumudi Online
Thursday, 19 February 2026 9.13 AM IST

ഗവർണർ,മുഖ്യമന്ത്രി ഇടപെടൽ വിജയം: കേരളത്തിന് 5990 കോടിയുടെ വായ്പ

Increase Font Size Decrease Font Size Print Page
cm-pinarayi-vijayan

തിരുവനന്തപുരം:കേസും പ്രതിഷേധവുമില്ലാതെ അനുരഞ്ജനത്തിലൂടെ സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും നടത്തിയ ഇടപെടൽ ഫലം കണ്ടു. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയതിന്റെ രണ്ടാം ദിവസം 5990 കോടിയുടെ അധിക വായ്പ അനുവദിച്ച് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചു. 6200 കോടിയുടെ വൈദ്യുതി പരിഷ്ക്കരണ വായ്പയും അനുവദിക്കുമെന്നാണ് പ്രതീക്ഷ.

മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാകുക. അതനുസരിച്ച് 13 ലക്ഷം കോടിയുടെ മൊത്ത വരുമാനമുള്ള കേരളത്തിന് എടുക്കാവുന്ന വായ്പ 38237കോടിയാണ്. ഇതുവരെ 42237കോടി രൂപ എടുത്തു കഴിഞ്ഞു. കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.ഓരോ മാസവും കടന്നുഹകിട്ടാൻ 3000 കോടിയോളം രൂപ വായ്പയെടുക്കേണ്ടി വരാറുണ്ട്.ഇനി എടുക്കാൻ വായ്പയില്ലാത്ത സാഹചര്യത്തിലാണ് ഗവർണർ കൂടി ഇടപെട്ട് കേന്ദ്രവുമായി ചർച്ച നടത്തുന്ന അസാധാരണ നടപടിയുണ്ടായത്.

കേരളത്തിന്റെ ട്രഷറി നീക്കിയിരുപ്പിന്റെ പേരിലാണ് ഇപ്പോൾ 5990 കോടി പ്രത്യേക വായ്പയായി അനുവദിച്ചത്. ഇത് ചൊവ്വാഴ്ച തന്നെ എടുക്കും.സാമ്പത്തിക വർഷാവസാനമായതിനാൽ ഈ മാസം 26000 കോടിയുടെ ബില്ലുകൾ പാസാക്കി പണം നൽകേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.അതിന് 12000 കോടിയോളം രൂപയുടെ കുറവുണ്ട്.വൈദ്യുതി പരിഷ്ക്കാരത്തിന്റെ പേരിൽ മൊത്ത വരുമാനത്തിന്റെ 0.5% അധിക വായ്പയെടുക്കാൻ വ്യവസ്ഥയുണ്ട്. അതു കൂടി അനുവദിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്.

പദ്ധതി:ചെലവിട്ടത് 52 ശതമാനം

സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന സർക്കാർ പദ്ധതിയിനത്തിൽ ചെലവിട്ടത് പകുതി മാത്രമാണ്. 38,886 കോടിയാണ് ഈ വർഷത്തെ പദ്ധതി വിഹിതം. ഇതിൽ 52 ശതമാനം തുകയേ ഇതുവരെ ചെലവിടാൻ കഴിഞ്ഞിട്ടുള്ളൂ. 21,838 കോടിയുടെ സംസ്ഥാന പദ്ധതികളിൽ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികൾ 45 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ 57ശതമാനവും . ട്രഷറി കാലിയായതോടെ റിസർവ് ബാങ്കിൽ നിന്ന് വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റും എടുത്താണ് കഴിഞ്ഞയാഴ്ചത്തെ ചെലവുകൾക്കു പണം കണ്ടെത്തിയത്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY