തിരുവനന്തപുരം: പുതുതായി വരുന്ന സ്വകാര്യ സർവകലാശാലകളിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ രീതി നടപ്പാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും എങ്ങനെ നടപ്പാക്കുമെന്നതിൽ ആശയക്കുഴപ്പം.
നിലവിൽ പല കോഴ്സുകളിൽ പലതരം സംവരണമാണ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സംവരണ മാനദണ്ഡമല്ല മെഡിക്കൽ, എൻജിനിയറിംഗ് അടക്കം പ്രൊഫഷണൽ കോഴ്സുകളിൽ. എൻജിനിയറിംഗ്, നിയമം, സയൻസ്, കോമേഴ്സ്, മാനവികം ഉൾപ്പെടെ വ്യത്യസ്ത കോഴ്സുകളുള്ള സ്വകാര്യ സർവകലാശാലകളിൽ ഇതിലേത് മാനദണ്ഡം പിന്തുടരുമെന്നതിലാണ് അവ്യക്തത. ബിൽ നിയമസഭ ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവും.
ആദ്യ കരടുബില്ലിൽ 15% പട്ടികജാതി, 5% പട്ടികവർഗ സംവരണം മാത്രമാണുണ്ടായിരുന്നത്. മന്ത്രി കെ.രാജന്റെ എതിർപ്പിനെത്തുടർന്ന് ആകെ സീറ്രുകളിൽ 40% കേരളത്തിലെ കുട്ടികൾക്ക് നീക്കിവയ്ക്കാനും അതിൽ സംസ്ഥാനത്തെ സംവരണം പാലിക്കാനും ധാരണയായി. മെഡിക്കൽ, എൻജിനിയറിംഗ് ബിരുദ കോഴ്സുകളിൽ എസ്.ഇ.ബി.സി സംവരണം 30%, മെഡിക്കൽ പി.ജി കോഴ്സുകളിൽ 27% ആണ്. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ എസ്.ഇ.ബി.സി സംവരണം 20%. എയ്ഡഡ് കോളജുകളിൽ എസ്.സി, എസ്.ടി സംവരണം മാത്രമേയുള്ളൂ.
സ്വാശ്രയത്തിലെ സംവരണ മാനദണ്ഡം വ്യത്യസ്തമാണ്. ആർട്സ്ആൻഡ് സയൻസ് കോളേജുകളിൽ 50:50 അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതിൽ സർക്കാർ സീറ്റിന്റെ 25 ശതമാനമാണ് എസ്.ഇ.ബി.സി സംവരണം. എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകളിലും ഇങ്ങനെയാണ്. ചില കോഴ്സിൽ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കമുള്ളവർക്കുള്ള 10% ഇ.ഡബ്യു.എസ് സംവരണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |