ഷാഫി,വിഷ്ണുനാഥ്,അനിൽകുമാർ വർക്കിംഗ് പ്രസിഡന്റുമാർ
കെ.സുധാകരൻ പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്
തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനായി മുതിർന്ന നേതാവും പേരാവൂർ എം.എൽ.എയുമായ അഡ്വ.സണ്ണി ജോസഫിനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി. അടൂർപ്രകാശ് എം.പി ആണ് പുതിയ യു.ഡി.എഫ് കൺവീനർ. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എം.എൽ.എ, എ.പി.അനിൽകുമാർ എം.എൽ.എ, ഷാഫിപറമ്പിൽ എം.പി എന്നിവരെ നിയമിച്ചു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത്. സാമുദായിക സന്തുലിതാവസ്ഥയും അനുഭവ സമ്പത്തും യുവത്വവും എല്ലാ ചേർത്തുള്ളൊരു മാറ്രത്തിനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. നിലവിലെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ.പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരാണ് പദവികളിൽ നിന്ന് ഒഴിയേണ്ടിവന്നവർ. പി.സി.വിഷ്ണുനാഥിന് പുതിയ ചുമതല ലഭിച്ചതോടെ എ.ഐ.സി.സി സെക്രട്ടറി പദവിയിൽ നിന്ന് നീക്കി.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നതിനെതിരെ ഇടഞ്ഞു നിന്ന കെ.സുധാകരന്റെ ഏറ്റവും വിശ്വസ്തനായ സണ്ണി ജോസഫിനെ പ്രസിഡന്റാക്കുക വഴി, സുധാകരനെ അനുനയിപ്പിക്കാനും നേതൃത്വത്തിന് കഴിഞ്ഞു. അടൂർപ്രകാശ്, ആന്റോആന്റണി, സണ്ണിജോസഫ് എന്നിവരുടെ പേരുകളാണ് കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ മാറ്റം വരുമെന്ന സൂചന ഉണ്ടായപ്പോൾ മുതൽ ഉയർന്നു കേട്ടിരുന്നത്. ഒടുവിൽ 73 കാരനായ സണ്ണിജോസഫിനാണ് നറുക്ക് വീണത്.
ഇതിനിടെ കെ.സുധാകരനെ ഡൽഹിക്ക് വിളിച്ച് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തിയിരുന്നു. കേരളത്തിൽ തിരിച്ചെത്തിയ സുധാകരൻ നേതൃസ്ഥാനത്തു നിന്ന് മാറില്ലെന്ന നിലപാട് സ്വീകരിച്ചത് എ.ഐ.സി.സി നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. എങ്കിലും നിശ്ചയിച്ച മാറ്രം നടപ്പാക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
കെ.എസ്.യുവിലൂടെ
പൊതുരംഗത്ത്
രണ്ട് പതിറ്റാണ്ടോളം അഭിഭാഷക വൃത്തിയിൽ സജീവമായിരുന്ന സണ്ണി ജോസഫ്, കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻ, കാലിക്കറ്ര് സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 2011ൽ പേരാവൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽഎ ആയിരുന്ന കെ.കെ.ശൈലജയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2016 ലും 2021ലും ഇതേ മണ്ഡലത്തിൽ തുടർച്ചയായ വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |