തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം മൂന്നു ദിവസം പിന്നിട്ടു. ഇന്നലെ പെയ്ത പെരുമഴയിൽ നനയാതിരിക്കാൻ സമരവേദിയിലെ ടാർപോളിനുള്ളിൽ അവർ നന്നേ കഷ്ടപ്പെട്ടു. മഴയും വെയിലും കൂസാക്കാതെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് അവർ സമരം തുടരുകയാണ്. മൂന്നുപേർ നിരാഹാരവും അനുഷ്ഠിക്കുന്നുണ്ട്.
ഈ മാസം 19ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 30% പോലും നിയമനം നടന്നിട്ടില്ല. രണ്ടാഴ്ച മാത്രം ശേഷിക്കുന്ന റാങ്ക് ലിസ്റ്റിലെ പകുതി പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. 967പേർ ഉൾപ്പെടുന്ന വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണിത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. തങ്ങളുടെ അവസാന പ്രതീക്ഷയായ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകണമെന്ന ആവശ്യമായി ഗർഭിണിയായ ഉദ്യോഗാർത്ഥികൾ അടക്കമാണ് സമരത്തിലുള്ളത്.
574 ഒഴിവുകൾ നിലവിലുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുണ്ട്. എന്നാൽ, ഇതുമായി അധികൃതർക്ക് മുന്നിലെത്തുമ്പോൾ ഒഴിവില്ലെന്നാണ് പറയുന്നതെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |