തിരുവനന്തപുരം : അസഹനീയമായ വയറ് വേദനയും ഛർദ്ദിയുമായി ചികിത്സതേടിയ 40കാരിയെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധയേമാക്കിയ ഡോക്ടർമാർ ഞെട്ടി. ചെറുകുടലിൽ നിന്ന് ഒന്നിന് പുറകേ ഒന്നായി പുറത്തെടുത്തത് 41 റബ്ബർ ബാൻഡുകൾ. പാറശാല സരസ്വതി ആശുപത്രിയിലായിരുന്നു സങ്കീർണവും കൗതുകവും നിറഞ്ഞ ശസ്ത്രക്രിയ.
നാല് ദിവസമായി അനുഭവിക്കുന്ന വയറു വേദനയും വയറ് വീക്കവുമായി ഒരാഴ്ച മുമ്പാണ് 40കാരി എത്തിയത്. സ്‌കാനിംഗിൽ ചെറുകുടലിൽ ബ്ലോക്ക് കണ്ടതിയതോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചെറുകുടലിനുള്ളിൽ കാണപ്പെട്ട മുഴ നീക്കാൻ കുടൽ തുറന്നപ്പോഴാണ് ഡോക്ടർമാർ ഞെട്ടിയത്. റബ്ബർ ബാൻഡുകൾ ഒന്നിനോടൊന്ന് കൂടിച്ചേർന്ന് ഒരു പന്തുപോലെ ചെറുകുടലിനെ പൂർണമായും തടസപ്പെടുത്തിയിരുന്നു. ഓരോന്നായി നീക്കി. കുടലിൽ തുന്നലിട്ട് ശസ്ത്രക്രിയ പൂർത്തിയാക്കി. രോഗി സുഖംപ്രാപിച്ചു വരുന്നു.
സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്ത്രീയ്ക്ക് ഇടയ്ക്കിടയ്ക്ക് റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. വിവാഹിതയാകുന്നതിന് മുമ്പേ ഇത്തരമൊരു സ്വഭാവംഉണ്ടായിരുന്നു.
സ്വന്തം തലയിലെ മുടി, ഭക്ഷ്യയോഗ്യമല്ലാത്ത ചിലസാധനങ്ങൾ എന്നിവ ചവയ്ക്കുന്നവരിൽ അവ ആമാശയത്തിൽ അടിയാറുണ്ട്. എന്നാൽ, ഇത്രയധികം റബ്ബർ ബാൻഡ് വയറിൽ അടിഞ്ഞുള്ള സംഭവം വളരെ അപൂർവമാണെന്ന് ആശുപത്രി മേധാവി ഡോ.എസ്.കെ.അജയകുമാർ പറഞ്ഞു. അവ നീക്കിയിരുന്നില്ലെങ്കിൽ, ചെറുകുടൽപൊട്ടി ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |