തിരുവനന്തപുരം:അഡിഷണൽ ചീഫ് സെക്രട്ടറിക്കെതിരെ സമൂഹ്യമാധ്യമത്തിലൂടെ ആക്ഷേപം ഉന്നയിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ഐ.എ.എസ്.ഒാഫീസർ എൻ. പ്രശാന്ത് ഇന്നലെ ചീഫ് സെക്രട്ടറി ശാരദാമുരളീധരന് മുമ്പാകെ ഹിയറിംഗിന് ഹാജരായി.വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഹിയറിംഗ് രണ്ടുമണിക്കൂർ നീണ്ടു.അച്ചടക്കനടപടി സംബന്ധിച്ച് പ്രശാന്തിന്റെ ഭാഗം വിശദീകരിക്കാനായിരുന്നു ഹിയറിംഗ്. പ്രശാന്ത് ചട്ടലംഘന ആരോപണം പൂർണ്ണമായി നിഷേധിച്ചതായാണ് അറിയുന്നത്.
റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.മുഖ്യമന്ത്രിയാണ് തുടർ നടപടി സ്വീകരിക്കേണ്ടത്.കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
ഉടൻ സസ്‌പെൻഷൻ പിൻവലിച്ചു തിരിച്ചു കയറി എനിക്കവിടെ ഒന്നും മറിക്കാനില്ല എന്നാണ് ഹിയറിംഗിനുശേഷമുള്ള പ്രശാന്തിന്റെ പ്രതികരണം. തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടന്നെന്നും തെളിവ് നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.ജയതിലക് ഐ.എ.എസിനെ വിമർശിക്കുന്നത് ചട്ടലംഘനമല്ലെന്ന് അവകാശപ്പെട്ടു.എന്നാൽ പ്രശാന്ത് ചട്ടലംഘനം നടത്തിയതിന്റെപേരിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥൻ ആണെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്നലെ ഹിയറിംഗിന് ഹാജരാകുന്നതിന് മുമ്പും പ്രശാന്ത് ചീഫ് സെക്രട്ടറിയെ പരിഹസിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പിട്ടു.സുപ്രീംകോടതിയെക്കാൾ പവറാണ് ചീഫ് സെക്രട്ടറിക്കെന്നായിരുന്നു പരിഹാസം.നടപടിയുണ്ടായാൽ ട്രൈബൂണലിനെ സമീപിക്കും എന്നും കുറിപ്പിൽ സൂചനയുണ്ട്.
പ്രശാന്തിന്റെ കുറിപ്പ്
`ഫൈസി ഒന്ന് തിരിച്ച് ചിന്തിച്ചേ. ഇതേ വിഷയം ഞാനിനി സെൻട്രൽ അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണലിൽ കൊണ്ടുപോയാൽ അവിടെ നടപടികൾ സുതാര്യമായി കാണാം. ഓപ്പൺ കോർട്ട് ആണ്. ഹൈക്കോടതിയിൽ ഇതേ കേസ് കൊണ്ടു പോയാലോ, അവിടെയും ലൈവായി കാണാം. സുപ്രീം കോടതിയിൽ കേസെത്തിയാൽ അവിടെയും സുതാര്യമായി ആർക്കും നടപടികൾ കാണാം.എന്റെ ഉള്ളിൽ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു.എസ്.സിയെക്കാൾ പവർ സി.എസിനാണ് '
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |