തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്സ് ഇന്നൊവേഷൻ എന്ന റോബോട്ടിക്സ് കമ്പനിയുടെ സാങ്കേതികവിദ്യ മോഷ്ടിച്ച് ഐ.ഐ.ടിയുടെ മറവിലുള്ള സംഘം. ജെൻറോബോട്ടിക്സിന്റെ മാൻഹോളുകൾ വൃത്തിയാക്കുന്ന ബാൻഡികൂട്ട് എന്ന റോബോട്ടിൽ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് കവർന്നത്. ബാൻഡികൂട്ടിന്റെ അതേ ഡിസൈനുള്ള ഉപകരണം പുതിയ പേരിൽ എക്സിബിഷനുകളിലും സ്റ്റാർട്ടപ്പ് ഗ്രൂപ്പ് പ്രദർശിപ്പിച്ചു. ഐ.ഐ.ടി മദ്രാസിലെ ഇൻക്യുബേഷൻ സെന്ററിൽ ഐ.ഐ.ടിയിലെ പൂർവവിദ്യാർത്ഥികൾ ആരംഭിച്ച
സ്റ്റാർട്ടപ്പാണ് ഈ കടുംകൈ ചെയ്തത്. വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത്, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉത്പന്നങ്ങളുടെ ആശയങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങൾ വ്യാപകമാണെന്ന് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
2017ലാണ് ജെൻറോബോട്ടിക്സ് ആരംഭിച്ചത്. ഇതിന്റെ സാങ്കേതികവിദ്യ മനസിലാക്കാൻ ജെൻറോബോട്ടിക്സിന്റെ ജീവനക്കാരെ ഇവർ ഇരട്ടിശമ്പളം നൽകി വലയിലാക്കി. ജെൻറോബോട്ടിക്സിന്റെ ക്ലയന്റുകളെയും സമീപിച്ചു. കുറഞ്ഞ വിലയിൽ സേവനം നൽകുമെന്ന് വിശ്വസിപ്പിച്ചു. പ്രഗത്ഭരായ എൻജിനിയർമാരെ വാർത്തെടുത്ത ഐ.ഐ.ടിയുടെ പേര് വിശാസ്യത സൃഷ്ടിക്കാൻ സംഘം ദുരുപയോഗം ചെയ്തു. പിന്നീട് ജെൻറോബോട്ടിക്സിന്റെ ഗവേഷണ സംഘത്തിലെ ജീവനക്കാരെയും വലയിലാക്കാൻ തുടങ്ങി.19 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം ഉപയോഗിക്കുന്ന മൂന്നു പേറ്റന്റ് സ്വന്തമാക്കിയ സാങ്കേതികവിദ്യയാണ് ബാൻഡികൂട്ടിന്റേത്. സംഭവത്തിൽ ജെൻറോബോട്ടിക്സ് കേസുമായി മുന്നോട്ട് പോകുകയാണ്.
തട്ടിപ്പ് ഇങ്ങനെ
മാൻഹോളുകൾ വൃത്തിയാക്കാൻ ആദ്യം ഗ്രാബിംഗ് എക്യുപേമെന്റ്(മാലിന്യം
ശേഖരിക്കുന്ന ഉപകരണം) മാത്രമാണ് തട്ടിപ്പ് സംഘം നിർമ്മിച്ചത്. ഇതിന് മാൻഹോളിന്റെ കോണുകൾ വൃത്തിയാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബാൻഡികൂട്ടിന്റെ ലെഗ് ആൻഡ് ആം സിസ്റ്റം പകർത്തി നിർമ്മിക്കുകയായിരുന്നു. കോപ്പിയടിച്ച് നിർമ്മിച്ച ഉപകരണങ്ങൾക്ക് ഗുണമേന്മയും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |