ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. സർക്കാർ സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. കൊമേഴ്സ്,ജിയോളജി,സ്റ്റാറ്റിസ്റ്റിക്സ്,സോഷ്യോളജി,സൈക്കോളജി,സോഷ്യൽ വർക്ക്,ഫിലോസഫി, മ്യൂസിക്,ഹോം സയൻസ്,ജേണലിസം,ആന്ത്രപ്പോളജി,ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങളെടുത്തവർക്ക് അപേക്ഷിക്കാൻ ബി.എഡ് നിർബന്ധമല്ല. ഹിന്ദി,അറബിക്,ഉറുദു വിഷയക്കാർക്ക് DLEd/ LTTC യോഗ്യതയുണ്ടെങ്കിൽ സെറ്റിന് അപേക്ഷിക്കാം. ബോട്ടണി,സുവോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ ലൈഫ് സയൻസ് എം.എസ്‌സി-ബി.എഡ് യോഗ്യതയും പരിഗണിക്കും. മാത്‌സ്,ഫിസിക്സ്,കെമിസ്ട്രി,സുവോളജി,ബോട്ടണി വിഷയങ്ങളിൽ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷന്റെ 50% മാർക്കോടെ എം.എസ്‌സി-എഡ് ഉള്ളവർക്കും അപേക്ഷിക്കാം. 50% മാർക്കോടെ ബയോടെക്നോളജി എം.എസ്‌സിയും നാച്വറൽ സയൻസ് ബി.എഡും ഉള്ളവർക്കും സെറ്റിന് അപേക്ഷിക്കാം.
പരീക്ഷാ ഘടന
പാർട്ട് 1,പാർട്ട് 2 എന്നിങ്ങനെ 2 പേപ്പറുകളായാണ് പരീക്ഷ. ജനറൽനോളജ്, അദ്ധ്യാപന അഭിരുചി എന്നിവ അടിസ്ഥാനപ്പെടുത്തി 120 ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഇതിലുള്ളത്. രണ്ടുമണിക്കൂർ സമയം. മാസ്റ്റേഴ്സ് ഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പേപ്പർ രണ്ടിൽ. ഇതും രണ്ടുമണിക്കൂർ നീളുന്ന 120 ഒബ്ജക്ടീവ് ചോദ്യങ്ങളുള്ള പരീക്ഷയാണ്. കണക്കിനും സ്റ്റാറ്റിസ്റ്റിക്സിനും ഒന്നര മാർക്കിന്റെ 80 ചോദ്യങ്ങളുണ്ടാകും. 1300 രൂപയാണ് ജനറൽ കാറ്റഗറിയിൽ അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷിക്കാർക്ക് 750 രൂപ.വെബ്സൈറ്റ്: www.lbscentre.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |