കൊല്ലം: കെ എസ് ആർ ടി സി ബസിനുള്ളിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്തുവച്ച് ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്.
സുനിൽ കുമാർ പാലക്കാട്ടേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പ്രതിക്കായി കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം.
കൊല്ലം സ്വദേശിനിയായ യുവതി പി എസ് സി കമ്പെയ്ൻ സ്റ്റഡി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കൊട്ടിയം ജംഗ്ഷനിൽ നിന്ന് മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി. മുന്നിൽ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്. ബസ് മേവറം എത്തിയതോടെ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന പ്രതി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തി. ഇതോടെ യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. യുവതിക്ക് പിന്നാലെ മൈലക്കാട് സ്വദേശിയും കൊല്ലം ഡിപ്പോയിൽ ഇറങ്ങി. യുവതിയെ വിളിക്കാൻ സഹോദരൻ എത്തിയതോടെ പ്രതി മറ്റൊരു ബസിൽ കയറി സ്ഥലം വിട്ടു.
യുവതി ഇന്നലെ രാവിലെ സിറ്റി പൊലീസ് കമ്മിഷണർക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു. സുനിൽ കുമാർ നഗ്നതാ പ്രദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിയെ സമീപവാസികൾ തിരിച്ചറിഞ്ഞു. തുടർന്ന് നാട്ടുകാർ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചപ്പോൾ താനല്ല ദൃശ്യങ്ങളിലുള്ളതെന്നും അപ്പോൾ താൻ വീട്ടിലായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. നാട്ടുകാർ മടങ്ങിയതോടെ പെയിന്റിംഗ് തൊഴിലാളിയായ പ്രതി സ്ഥലം വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |