വയനാട്: ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ആകെ നിർമ്മിക്കുക 410 വീടുകൾ. ഇതിന്റെ ആദ്യ ക്ലസ്റ്ററിലുള്ള 120 വീടുകളുടെ നിർമ്മാണം കല്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ തുടങ്ങി. പ്രതികൂല കാലാവസ്ഥ നിർമ്മാണത്തിന് തിരിച്ചടിയാകുന്നുണ്ട്. മഴ മാറിയാൽ അഞ്ച് മാസം കൊണ്ട് വീടുകൾ പൂർത്തിയാക്കും. പ്രകൃതി ദുരന്തം അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് വീടുകൾ നിർമ്മിക്കുന്നത്.
ഏഴ് സെന്റിൽ 1000 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുന്നത്. അഞ്ചുമാസം കൊണ്ടാണ് മാതൃകാ വീട് നിർമ്മിച്ചത്. 29 വീടുകളുടെ അടിസ്ഥാന നിർമ്മാണം പൂർത്തിയായി. ആദ്യ ക്ലസ്റ്ററിലെ 35 വീടുകളുടെ നിർമ്മാണം അടുത്ത ദിവസം തുടങ്ങും. മാർച്ച് 27നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടത്.
മറ്റ് ക്ലസ്റ്ററുകളുടെ നിർമ്മാണവും ഉടൻ തുടങ്ങും. മഴ കുറഞ്ഞാൽ ഇവിടേക്ക് 10 മീറ്റർ വീതിയിൽ 12 കിലോമീറ്റർ റോഡ് നിർമ്മിക്കും. ഊരാളുങ്കൽ ലേബർകോൺട്രാക്ട് സൊസൈറ്റിക്കാണ് ടൗൺഷിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. 300 നിർമ്മാണത്തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഒരു സെന്റ് ഭൂമിക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിൽ വിപണി വിലയുള്ള ഇടത്താണ് വീടുകൾ നിർമ്മിക്കുന്നത്.
സ്വകാര്യതയ്ക്ക് പ്രധാനം
അടുത്തടുത്ത് വീടുകൾ വരുമെങ്കിലും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് നിർമ്മാണം. ഓരോ വീടുകൾക്കിടയിലും നിശ്ചിത അകലം ഉണ്ടാകും. എല്ലാ വീടുകളുടെ മുന്നിലും റോഡ് സൗകര്യമുണ്ടാകും. പാർക്കിംഗിനും സൗകര്യമൊരുക്കും. മതിലും നിർമ്മിക്കും. ആവശ്യമെങ്കിൽ രണ്ടാംനില നിർമിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. മാലിന്യ സംസ്‌കരണത്തിനുൾപ്പെടെ ക്രമീകരണമൊരുക്കും.
ജീവനോപാധിയായി ഒമ്പതിനായിരം രൂപ
ദുരന്തത്തിൽ തൊഴിലും ജീവനോപാധിയും നഷ്ടമായ കുടുംബങ്ങൾക്ക് ജീവനോപാധിയായി 9,000 രൂപ വീതമാണ് സർക്കാർ നൽകിയത്. വാടക തുകയ്ക്ക് പുറമേയാണിത്. 402 ഗുണഭോക്താക്കൾക്ക് ആറ് ഘട്ടങ്ങളിലായി 10.09 കോടി രൂപയാണ് ഇത്തരത്തിൽ നൽകിയത്. ഈ തുക കിട്ടിയില്ലായിരുന്നുവെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലായിരുന്നെന്നാണ് ദുരന്തബാധിതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |