തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി ബന്ധം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യ നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ടോ എന്നും അറിയിക്കണം. വൈദ്യുതി വകുപ്പ് സെക്രട്ടറിയും റിപ്പോർട്ട് നൽകണം.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വൈദ്യുതികമ്പി പൊട്ടിവീണ് ഷോക്കേറ്റ് 3പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മരണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചു. ദാരുണ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ, മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ സ്വീകരിച്ച നടപടികൾ, നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ, മരിച്ചവരുടെയും ആശ്രിതരുടെയും വിലാസം എന്നിവ റിപ്പോർട്ടിലുണ്ടാവണം. കെ.എസ്.ഇ.ബി എം.ഡിയുടെ പ്രതിനിധി സെപ്തംബർ 11ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വസ്തുതകൾ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |