തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന നയരൂപീകരണത്തിൽ വിവിധ,ശാസ്ത്ര സാങ്കേതിക മേഖലകളിലെ പ്രൊഫഷണലുകളുടെ നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടാം പിണറായി സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് നിയമസഭാ ശങ്കരനാരായണൻതമ്പി ഹാളിൽ നടന്ന പ്രൊഫഷണലുകളുമായുള്ള സംസ്ഥാനതലസംവാദ പരിപാടിയായ പ്രൊഫഷണൽ കണക്ട് 2025ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റാർട്ടപ്പ് രംഗത്ത് വ്യവസായ ലോകത്തു നിന്നുള്ള മെന്റർമാരുടെ സേവനം കാര്യക്ഷമമാക്കണം,വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷമുള്ള ഇന്റേൺഷിപ്പ് നൽകുന്നതിന് വിവിധ സ്ഥാപനങ്ങളുമായി സഹകരണം വിപുലമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
നേരത്തെ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയമാണെന്ന വ്യാജ വ്യാഖ്യാനം നൽകുന്ന ഭരണകർത്താക്കളുടെ കാലത്താണ് നാം ജീവിക്കുന്നതെന്ന് പറഞ്ഞു. നവോത്ഥാന നായകർ നടത്തിയ ബോധവത്കരണത്തിലൂടെയാണ് ജനങ്ങളെ ശാസ്ത്രകാലഘട്ടത്തിലേക്ക് നമ്മുടെ മുൻതലമുറ കൈപിടിച്ചുകൊണ്ടുവന്നത്. വീണ്ടും അതേ ബോധവത്കരണങ്ങൾ തുടങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൽ ശാസ്ത്രഗവേഷണ പ്രോത്സാഹനങ്ങൾക്ക് ബഡ്ജറ്റിൽ 38കോടി അനുവദിച്ചു. മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കാനും നടപടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ മോഡറേറ്ററായി. ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ ആമുഖപ്രസംഗം വഹിച്ചു. മെമ്പർ സെക്രട്ടറി എ.സാബു സന്നിഹിതനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |