തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി യുദ്ധകാലടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. പേരൂർക്കട ഗവ.എച്ച്.എസ്.എൽ.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ തുറന്ന് ആദ്യത്തെ രണ്ടാഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,കായികം,കൃഷി,റോഡ് നിയമങ്ങൾ,പോക്‌സോ നിയമം എന്നീ കുഞ്ഞുങ്ങളറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്‌കൂൾ ബാഗിന്റെ ഭാരം കൂടുതലാണെന്ന് നിരവധി കുഞ്ഞുങ്ങൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളിൽ ലിഫ്റ്റ് സൗകര്യം നൽകാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽ.എ അദ്ധ്യക്ഷനായി. പേരൂർക്കട വാർഡ് കൗൺസിലർ ജമീല ശ്രീധരൻ,പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷൈല യു.എസ്,കില റീജിയണൽ മാനേജർ ഹൈറുന്നീസ എ,സമഗ്രശിക്ഷാ അഭിയാൻ ജില്ലാ കോർഡിനേറ്റർ നജീബ്,ഹെഡ്മിസ്ട്രസ് മായ.എൻ.എസ്, പ്രിൻസിപ്പൽ ബിന്ദു ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
ആധുനിക സൗകര്യം
ആധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരമാണ് ഗവ.എച്ച്.എസ്.എൽ.പി സ്‌കൂളിൽ നിർമ്മിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിൽ ഹൈടെക് ക്ലാസ്സ് റൂം ഉൾപ്പെടെ 11ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ്,ഡൈനിംഗ്,കിച്ചൻ,സ്റ്റോർ റൂം,ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. പേരൂർക്കട ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ചത് ഇരുനില മന്ദിരമാണ്. 6.3കോടിയാണ് ആകെ നിർമ്മാണ ചെലവ്. സർക്കാർ ഫണ്ടുകളും കിഫ്ബി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |