കോഴിക്കോട്: പൊലീസ് ചമഞ്ഞ് അക്രമികൾ കാറിൽ കയറ്റിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കകം രക്ഷിച്ച് പൊലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വൈരാഗ്യം മൂലം തട്ടിക്കൊണ്ടു പോയ ബേപ്പൂർ ബിസി റോഡ് കളത്തുംപടി ബിജുവിനെയാണ് മലപ്പുറം കരുവാരക്കുണ്ടിൽ നിന്നും കസബ പൊലീസ് രക്ഷപ്പെടുത്തിയത്. കേസിൽ അഞ്ചു
പേർ അറസ്റ്റിലായി.
ആലപ്പുഴ കാവാലം സ്വദേശി ശ്യാംകുമാർ, വയനാട് സ്വദേശി ഡെൽവിൻ കുര്യൻ, മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് അൽഷിദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ സഹലുൽ റഹ്മാൻ, ജുനൈസ് എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച പുലർച്ചെ 2.10 ഓടെയാണ് ചിന്താവളപ്പ് കെ.പി. ട്രാവൽസ് മാനേജരായ ബിജുവിനെ പാളയത്തു വച്ച് മൂന്നു പേരടങ്ങിയ സംഘം കാറിൽ തട്ടിക്കൊണ്ടു പോയത്. ബിജുവിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് നൽകിയ പരാതിയിൽ ,കസബ പൊലീസ് പ്രദേശത്തെ സി.സി ടി.വികളും മൊബൈൽ ഫോൺ ലൊക്കേഷനും പരിശോധിച്ചതോടെ പ്രതികൾ മലപ്പുറത്തേക്ക് കടന്നതായി മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരുവാരക്കുണ്ട് പ്രദേശത്ത് പ്രതികൾ ബിജുവിനെ ബന്ദിയാക്കിയിരിക്കുകയാണെന്ന് കണ്ടെത്തുകയും ഇവരെ സാഹസികമായി പിടികൂടുകയുമായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |