ന്യൂഡൽഹി: കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ എത്തിയവർക്ക് മധുരം നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്ര അറായിലെത്തിയപ്പോഴാണ് ഒരു സംഘം യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്. യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും അമ്മയെക്കുറിച്ചും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. പ്രതിഷേധക്കാരോട് ഒന്നും പറയാതെ രാഹുൽ അവർക്ക് മിഠായി നൽകുകയായിരുന്നു. പരിപാടിയുടെ വേദിയിൽ വച്ച് ചിലർ മോദിയെക്കുറിച്ചും അമ്മയെക്കുറിച്ചും മോശമായി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. രാഹുൽ മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യാത്ര നിറുത്തിവയ്ക്കണമെന്ന് ബി.ജെ.പിയും നുണയ്ക്കും അക്രമത്തിനും മുകളിൽ സത്യവും അഹിംസയും വിജയിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധങ്ങളോടുള്ള രാഹുലിന്റെ പ്രതികരണം. നിങ്ങൾ എത്ര വേണമെങ്കിലും ആക്രമിക്കുകയും തകർക്കുകയും ചെയ്താലും ഞങ്ങൾ സത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നത് തുടരുമെന്നും രാഹുൽ എക്‌സിൽ കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒരു കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |