ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ബീഹാറിലെ വോട്ടർ അവകാശ യാത്രയ്‌ക്ക് ആവേശം പകർന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും അണിചേർന്നു. 14-ാം ദിവസമായ ഇന്നലെ സരനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. യു.പി അതിർത്തിയോട് ചേർന്ന ബീഹാറിലെ ഗോപാൽഗഞ്ച്, സിവാൻ, സരൺ, ഭോജ്പൂർ തുടങ്ങിയ മേഖലകളിലൂടെയാണ് ഇന്നലെ യാത്ര കടന്നുപോയത്. ഇവിടെ ഇരു സംസ്ഥാനങ്ങളും തമ്മിൽ സാംസ്കാരികവും സാമൂഹികമായും ആഴത്തിൽ ബന്ധമുള്ളതിനാൽ അഖിലേഷിന്റെ സാന്നിദ്ധ്യത്തിന് പ്രാധാന്യമുണ്ട്.
ബീഹാർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന യു.പി അസംബ്ളി മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടിക്കാണ് ആധിപത്യം. കഴിഞ്ഞ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ, സിവാൻ ജില്ലയിലെ എട്ട് സീറ്റുകളിൽ ആറും, സരൺ ജില്ലയിലെ പത്തിൽ ഏഴും, ഭോജ്പൂർ ജില്ലയിലെ ഏഴ് സീറ്റുകളിൽ അഞ്ചും ആർ.ജെ.ഡി, കോൺഗ്രസ് സഖ്യം നയിക്കുന്ന മഹാസംഖ്യം നേടിയിരുന്നു. ആര, ബർഹാര, സന്ദേശ് തുടങ്ങി എൻ.ഡി.എ കൈവശമുള്ള മണ്ഡലങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണി.
രാഹുൽ ഗാന്ധി,ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്,തേജസ്വിയുടെ സഹോദരി രോഹിണി, ഇന്ത്യ മുന്നണി നേതാക്കളായ ദിപങ്കർ ഭട്ടാചാര്യ (സി.പി.ഐ(എം.എൽ), മുകേഷ് സാഹ്നി(വികാസ്ശീൽ ഇൻസാൻ പാർട്ടി) എന്നിവർക്കൊപ്പം തുറന്ന ജീപ്പിൽ അഖിലേഷ് യാത്ര ചെയ്‌തു. വോളിബോൾ താരം സോനു കുമാറിന്റെ നേതൃത്വത്തിൽ 750 കളിക്കാരും യാത്രയിൽ പങ്കുചേർന്നു, വീർ കുൻവർ സിംഗ് സ്റ്റേഡിയത്തിൽ (രാംന മൈതാനത്ത്) നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയും മഹാസഖ്യ നേതാക്കളും പൊതുജനങ്ങളെ അഭിസംബോധന ചെയ്‌തു. ഇന്ന് യാത്രയ്‌ക്ക് വിശ്രമദിനമാണ്. അവസാന ദിനമായ നാളെ ബീഹാർ തലസ്ഥാനമായ പട്നയിൽ ഗാന്ധി മൈതാനിയിൽ നിന്ന് അംബേദ്‌കർ പാർക്കിലേക്ക് പദയാത്ര നടത്തും. സമാപന പരിപാടി ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |