തിരുവനന്തപുരം: സിൽവർലൈൻ വിവാദത്തിലായതോടെ കേരളത്തിൽ അതിവേഗ ട്രെയിൻയാത്രയ്ക്ക് മെട്രോമാൻ ഇ.ശ്രീധരൻ സമർപ്പിച്ച ബദൽപദ്ധതിയും കേന്ദ്രത്തിൽ കുരുങ്ങി. മൂന്നേകാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താനാവുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുന്നിലെത്തിയിട്ട് ഒമ്പതു മാസമായി. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവും താത്പര്യമറിയിച്ചിരുന്നതാണ്. എന്നാൽ, പദ്ധതിനിർദ്ദേശം ദക്ഷിണറെയിൽവേയ്ക്കും കെ-റെയിലിനും കൈമാറിയതൊഴിച്ച് തുടർനീക്കങ്ങളുണ്ടായില്ല.
200കിലോമീറ്റർ പരമാവധി വേഗമുള്ള അതിവേഗ റെയിൽപ്പാതയാണ് ശ്രീധരന്റെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായി അടുപ്പമുള്ള ഇ.ശ്രീധരനെ ഉപയോഗിച്ച് സിൽവർ ലൈനിന് ബദലായ പദ്ധതിക്ക് അനുമതി നേടിയെടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോവുന്നതാണിത്. ഭൂമിയേറ്റെടുക്കൽ കുറച്ചുമതിയെന്നതിനാൽ എതിർപ്പും കുറയും.
തൂണുകൾ നിർമ്മിച്ചശേഷം, ഭൂമി ഉടമകൾക്ക് വിട്ടുനൽകാം. കൃഷിയും കാലിവളർത്തലുമടക്കം നടത്താം. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും വലിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ടാവും. ജനങ്ങളുടെ സഞ്ചാരത്തിന് തടസമുണ്ടാവില്ല.
30കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകൾ വേണമെന്നാണ് ശ്രീധരന്റെ നിർദ്ദേശം. 50കിലോമീറ്ററായിരുന്നു സിൽവർലൈനിൽ. അതിവേഗപാത പൂർണമായി യാത്രാട്രെയിനുകൾക്കായിരിക്കണം. ചരക്കുട്രെയിനുകൾ ഓടിക്കരുത്. ഡൽഹിമെട്രോയെ ഏൽപ്പിച്ചാൽ ആറുവർഷം കൊണ്ട് പാതനിർമ്മിക്കാനാവും- ഇതായിരുന്നു ബദൽപദ്ധതിയിലെ നിർദ്ദേശങ്ങൾ.
കേരളത്തിന് അനുയോജ്യം
25-30കിലോമീറ്റർ ഇടവിട്ട് പ്രധാന നഗരങ്ങളിലെല്ലാം സ്റ്റോപ്പുള്ള വേഗറെയിൽ കേരളത്തിന് അനുയോജ്യമാണ്. 200കി.മീ പരമാവധി വേഗതയുണ്ടെങ്കിലും 135കിലോമീറ്ററാവും ശരാശരിവേഗം.
മൂന്നേകാൽ മണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലും 1.20മണിക്കൂറിൽ കൊച്ചിയിലും രണ്ടരമണിക്കൂറിൽ കോഴിക്കോട്ടുമെത്താം.
560യാത്രക്കാരുള്ള എട്ടുകോച്ചുകളുണ്ടാവും. ഭാവിയിൽ 16കോച്ചുകൾ വരെയാക്കാം. എ.സി ചെയർകാറിന്റെ ഒന്നരയിരട്ടി നിരക്കായിരിക്കും വേഗറെയിലിൽ.
തൂണുകൾക്ക് മുകളിലെ പാതയായതിനാൽ ഒന്നരലക്ഷം കോടിവരെയാവും ചെലവ്. സിൽവർലൈനിന് കണക്കാക്കിയത് 78,000കോടി. വിദേശവായ്പയടക്കം വേണ്ടിവരും.
റെയിൽവേയുടെ വിയോജിപ്പ്
# നിലവിലെ ട്രാക്കുകളുടേതുപോലെ ബ്രോഡ്ഗേജിലായിരിക്കണം
# പരമാവധി വേഗത 160കിലോമീറ്റർ മതി, ഗുഡ്സ് ട്രെയിനുകളോടിക്കണം
# നിലവിലെ പാളങ്ങളുമായി 50കി.മി ഇടവിട്ട് കണക്ഷനുണ്ടാവണം
1221
ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് വേണ്ടത്. ബദൽപ്പാതയ്ക്ക് 400ഹെക്ടർ മതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |