കണ്ടെത്തൽ അന്താരാഷ്ട്ര സംഘടനയുടെ പഠനത്തിൽ
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികളിൽ വിഷാദരോഗവും പ്രമേഹ അനുബന്ധ അസ്വസ്ഥത അഥവാ ഡയബറ്റീസ് ഡിസ്ട്രസുമുള്ളതായി കണ്ടെത്തൽ. 33.68 ശതമാനം കുട്ടികളിൽ വിഷാദരോഗവും 25.4 ശതമാനം കുട്ടികളിൽ ഡയബറ്റീസ് ഡിസ്ട്രസുമുള്ളതായി ഇന്റർനാഷണൽ ജേർണൽ ഒഫ് ഡയബറ്റീസ് ആൻഡ് ടെക്നോളജി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എച്ച്.ബി.എ1സിയുടെ (ഗ്ളൈകോക്‌സിലേറ്റഡ് ഹീമോഗ്ളോബിൻ) തോത് കൂടിയതും രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ളൈസീമിയ നിരന്തരമുള്ള കുട്ടികളിലാണ് പ്രമേഹാനുബന്ധ അസ്വസ്ഥത കൂടുതലായി കണ്ടെത്തിയത്. ആശുപത്രികളിൽ അഡ്മിറ്റാകേണ്ടിവന്ന കുട്ടികളിലാണ് വിഷാദം കൂടുതൽ. ഇത്തരം കുട്ടികളുടെ രക്ഷിതാക്കളിൽ 62.3 ശതമാനത്തിന് വിഷാദരോഗവും 53.5 ശതമാനത്തിന് പ്രമേഹ അനുബന്ധ അസ്വസ്ഥതയും കണ്ടെത്തി.
ഡയബറ്റീസ് ഡിസ്ട്രസ്
മധുരം കഴിക്കാനോ, അധികസമയം കളിക്കാനോ ആവില്ല. വിനോദയാത്രകൾക്ക് തടസം, അമിതക്ഷീണം, മറ്റ് കുട്ടികളെപ്പോലയല്ലെന്ന ചിന്ത എന്നിവ കുട്ടികളിൽ മാനസികസംഘർഷമുണ്ടാക്കും. ഇതോടെ മറ്റുള്ളവരോട് ഇടപെടാൻ വിമുഖതയും പഠന പിന്നാക്കാവസ്ഥയും ഉണ്ടാകും.
വിഷാദം
എപ്പോഴും തുടർച്ചയായ വിഷാദഭാവം. പെട്ടെന്ന് ദേഷ്യം, ശബ്ദങ്ങളോട് അസഹിഷ്ണുത. മുൻപ് ആസ്വദിച്ചിരുന്നവയിൽ താത്പര്യമില്ലായ്മ. ദീർഘനേരത്തെ ചിന്ത, അവസ്ഥയോർത്ത് പരിതപിക്കൽ, ശുഭപ്രതീക്ഷയില്ലായ്മ. ഒതുങ്ങിക്കൂടൽ, ആശയവിനിമയം കുറയുക. ഇടയ്ക്കിടെ മുഖത്ത് പ്രകടമാകുന്ന ഭയം, കരച്ചിൽ. ചിന്തയുടേയും പ്രവൃത്തിയുടേയും വേഗത കുറയുകയോ അമിതമാവുകയോ ചെയ്യുക. ആരുമില്ലെന്നും ബന്ധുക്കൾക്ക് ബാദ്ധ്യതയാണെന്നുമുള്ള തോന്നൽ. ആത്മഹത്യാ പ്രവണത. ഇവയിൽ അഞ്ച് ലക്ഷണമെങ്കിലും രണ്ടാഴ്ച തുടർച്ചയായി പ്രകടിപ്പിച്ചാൽ രോഗം ഉറപ്പിക്കാം.
പ്രമേഹം തുടക്കത്തിലെ നിയന്ത്രിക്കുന്നതിലൂടെ അനുബന്ധപ്രശ്നങ്ങൾ കുറയ്ക്കാം. വിഷാദത്തിന് ആറുമുതൽ ഒൻപതുമാസം വരെ ഔഷധചികിത്സ ആവശ്യമാണ്.
- ഡോ. അരുൺ ബി.നായർ
പ്രൊഫസർ, സൈക്യാട്രി വിഭാഗം
മെഡിക്കൽ കോളേജ് തിരുവനന്തപുരം
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |