കൽപ്പറ്റ: മഹാദുരന്തം ഒരു പ്രദേശത്തെ തുടച്ചുനീക്കിയതോടെ മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ മുണ്ടക്കൈ ഇനി ഓർമ്മയാകും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുണ്ടക്കൈ വാർഡിലെ അവശേഷിക്കുന്ന വോട്ടർമാരെ പഴയ പന്ത്രണ്ടാം വാർഡായ ചൂരൽമല വാർഡിലേക്ക് ചേർത്തു. നിലവിൽ പതിനൊന്നാം വാർഡ് ചൂരൽമല മുണ്ടക്കൈ എന്നാണ് അറിയപ്പെടുക. 1,100വോട്ടർമാരാണ് ഇവിടെയുള്ളത്. ഉരുൾപൊട്ടലിൽ ചൂരൽമല, മുണ്ടക്കൈ വാർഡുകളിൽ ഉൾപ്പെട്ട 236വോട്ടർമാരാണ് മരിച്ചത്. ആകെ 298പേർ മരണപ്പെട്ടിരുന്നു.
ചൂരൽമല പാലം പിന്നിട്ടാൽ മുണ്ടക്കൈ വാർഡ് ആരംഭിക്കും. റാണിമല എസ്റ്റേറ്റിലാണ് വാർഡ് അവസാനിക്കുക. റാട്ടപ്പാടി,പുഞ്ചിരിമട്ടം,രണ്ടാംനമ്പർ തുടങ്ങിയ പ്രദേശങ്ങളിൽ 357 വീടുകളിലായി 988 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
രാഷ്ട്രീയപാർട്ടികളിൽ സി.പി.ഐ,മുസ്ലിം ലീഗ് എന്നീ പാർട്ടികൾക്കായിരുന്നു കൂടുതൽ കരുത്ത്.സി.പി.ഐ,മുസ്ലിംലീഗ് പാർട്ടികൾ ഇവിടെ മാറിമാറി ജയിക്കാറുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിംലീഗിലെ കെ. ബാബുവാണ് നിലവിലെ വാർഡ് മെമ്പർ. മുണ്ടക്കൈ ഗവ. എൽ.പി സ്‌കൂളിലായിരുന്നു വോട്ട് ചെയ്തിരുന്നത്. നേരത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശമായതിനാൽ അതീവ സുരക്ഷാബൂത്തായാണ് അറിയപ്പെട്ടിരുന്നത്.
ദുരന്തത്തെ തുടർന്ന് പല സ്ഥലങ്ങളിലായി താമസിക്കുന്ന വോട്ടർമാരെ കണ്ടെത്തി വോട്ടുറപ്പിക്കുകയാകും സ്ഥാനാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. സ്വന്തം പ്രദേശത്തെ പോളിംഗ് ബൂത്ത് ഉൾപ്പെടെ ഇല്ലാതായതോടെ വലിയ നിരാശയിലാണ് മുണ്ടക്കൈ നിവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |