
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിൽ വൻ ക്രമക്കേടുകൾ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തി. സീനിയോറിറ്റി അവഗണിച്ച്, യോഗ്യതയില്ലാത്ത ജേർണലുകളിലെ പ്രസിദ്ധീകരണങ്ങൾ കണക്കിലെടുത്തു. 2025 നവംബർ 10ന് പുറത്തിറക്കിയ ഉത്തരവിൽ സെലക്ഷൻ കമ്മിറ്റിയുടെ നടപടിക്രമങ്ങളിലും അപാകതകളുണ്ട്.
റിസർച്ച് സ്കോറിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിച്ച രീതി അവ്യക്തമാണ്. റിസർച്ച് സ്കോറിന് പരമാവധി 40 മാർക്ക് നിശ്ചയിച്ചു.400നും അതിനു മുകളിലുമുള്ള സ്കോറിന് 40 മാർക്കും, 111 മുതൽ 199 വരെയുള്ള സ്കോറിന് 19.9 വരെ മാർക്കുമാണ് നിശ്ചയിച്ചത്. സെലക്ഷൻ കമ്മിറ്റി യോഗം നടന്ന ദിവസം , തിരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന യു.ജി.സി ചട്ടം പാലിച്ചില്ല. 2025 സെപ്റ്റംബർ 18ന് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ 91 അപേക്ഷകർ യോഗ്യരാണെന്ന് കണ്ടെത്തി 51 ഒഴിവുകളിലേക്ക് സെലക്ട് ലിസ്റ്റ് തയ്യാറാക്കി. 2025 ഒക്ടോബർ 14ന് ചേർന്ന അടുത്ത യോഗത്തിലാണ് 40 പേരുൾപ്പെട്ട വെയിറ്റ് ലിസ്റ്റ് തയ്യാറാക്കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്.
പ്രിൻസിപ്പൽ നിയമനത്തിനായി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ട്രൈബ്യൂണൽ സ്റ്രേ ചെയ്തിരിക്കുകയാണ്.
□ സീനിയോരിറ്റിയും അട്ടിമറിച്ചെന്ന് ട്രൈബ്യൂണൽ
സെലക്ട് ലിസ്റ്റ് തയ്യാറാക്കുമ്പോൾ സീനിയോറിറ്റി ക്രമവുമായി ബന്ധപ്പെട്ട സർവീസ് ചട്ടങ്ങളൊന്നും പാലിച്ചില്ല. ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകി തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ, കോളേജ് മാസികകളിൽ വന്ന ലേഖനങ്ങൾ പോലും പരിഗണിച്ചപ്പോൾ സീനിയോറിറ്റി അവഗണിക്കപ്പെട്ടു. 10 ഗവേഷണ പേപ്പറും 110 ഗവേഷണ സ്കോറുമായിരുന്നു പ്രധാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഗവേഷണ സ്കോറിന് അമിത പ്രാധാന്യം നൽകി, വർഷങ്ങളുടെ സേവന പരിചയമുള്ളവരെ ഒഴിവാക്കിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |