
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് ലോക്ഭവനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നേതാക്കളും വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുക്കുന്ന സമരം ഇന്ന് രാവിലെ പത്തിന് സമാപിക്കും.
തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ള രീതിയിൽ പുന:സ്ഥാപിക്കാനാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.സി.പി.ഐ പോലും അറിയാതെ പി.എം ശ്രീയിൽ ആർ.എസ്.എസ് അജണ്ടയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്ക് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ധാർമികാവകാശില്ല. പദ്ധതിയുടെ പേര് മാറ്റിയതിലൂടെ ഗാന്ധിയൻ ആശയങ്ങളെ ബി.ജെ.പിയും സംഘപരിവാറും ഒരിക്കൽ കൂടി കൊന്നെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവന്റെ കൈകളിലേക്ക് പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണ് കേന്ദ്ര സർക്കാരുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു..കാർഷിക നിയമം പോലെ തൊഴിലുറപ്പ് നിയമ ഭേദഗതിയും പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
വിവിധ ജില്ലകളിൽ നിന്നും നേതാക്കളും പ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തി. ഉദ്ഘാടനത്തിന് ശേഷം നേതാക്കൾ സമരപ്പന്തലിൽ തുടർന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |