ഇസ്രയേലിൽ കേരളത്തെ പരാമർശിച്ചു
ന്യൂഡൽഹി: ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം" എന്നു മാറ്റാൻ നടപടിയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സാംസ്‌കാരിക നായകർ. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, എഴുത്തുകാരായ മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ, ബാലസാഹിത്യകാരൻ ശ്രീജിത്ത് മുത്തേടത്ത്, ഭാഷാ പണ്ഡിതൻ എം. ഉണ്ണികൃഷ്‌ണൻ, മാദ്ധ്യമ പ്രവർത്തകൻ പി. ശ്രീകുമാർ എന്നിവരാണ് ഡൽഹി ലോക്‌കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലെത്തി മോദിയെ കണ്ടത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നു.
അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സാഹിത്യമടക്കം വിഷയങ്ങൾ ചർച്ചയായെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. എല്ലാ ഭാഷകളെയും അംഗീകരിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടേത്. മോദി ലോകനേതാവായത് എന്തുകൊണ്ടെന്ന് വ്യക്തമായി. അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാതുക്കൽ വരെ വന്ന് യാത്രയാക്കിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഔദ്യോഗിക കൂടിക്കാഴ്‌ചയുടെ ഗൗരവമില്ലാതെ അദ്ദേഹം സംസാരിച്ചത് പുതിയ അനുഭവമായെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. മാതൃഭാഷാ ബിൽ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് വി. മധുസൂദനൻ നായർ പറഞ്ഞു.
ജനുവരി 12ന് താൻ കത്തെഴുതിയതിനെ തുടർന്ന് ഏഴു പതിറ്റാണ്ടായി നീണ്ട പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെട്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബുധനാഴ്‌ച ഇസ്രയേൽ പാർലമെന്റ് നെസറ്റിലെ പ്രസംഗത്തിൽ കേരളത്തെക്കുറിച്ച് പരാമർശിച്ച കാര്യം പ്രധാനമന്ത്രി സംസാരത്തിനിടെ പറഞ്ഞു. ഇസ്രയേലിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ ഇനി കേരളം എന്ന് ഉച്ചരിക്കണമെന്ന് ആവശ്യപ്പെട്ട കാര്യവും ഓർമ്മിച്ചു. മഹാകവി വള്ളത്തോളിന്റെ വരികളും തെയ്യവും നെറ്റിപ്പട്ടവും മറ്റുമടങ്ങിയ ഫലകം പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |