
തൃശൂർ: വേദി 7 മന്ദാരം, ഹൈസ്കൂൾ വിഭാഗം ചാക്യാർക്കൂത്ത് വേദിയിൽ പാഞ്ചാലി സ്വയംവരം കഥ പറഞ്ഞ് കത്തിക്കയറുകയാണ് എസ്.കൃഷ്ണനുണ്ണി. മകൻ്റെ അവതരണം ആസ്വദിച്ച് വേദിക്കരികിൽ നിന്ന അച്ഛൻ ഡോ.ജി.കെ.ശ്രീഹരിയുടെ മനസിലും കലോത്സവ ഓർമ്മകൾ മിന്നിമറഞ്ഞു. 1996ൽ കോട്ടയത്ത് നടന്ന 36 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു ഡോ.ശ്രീഹരി. പത്തനംതിട്ട കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.ശ്രീഹരി ചാക്യാർകൂത്ത്, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടി, മോണോആക്ട് എന്നിവയിൽ രണ്ടാം സ്ഥാനവും ഭരതനാട്യം, പ്രച്ഛന്നവേഷം എന്നിവയിൽ എ ഗ്രേഡും നേടിയാണ് അന്ന് കലാപ്രതിഭയായത്.വർഷങ്ങൾക്കിപ്പുറം അച്ഛൻ്റെ പാത പിൻതുടർന്ന് കൃഷ്ണനുണ്ണി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാക്യാർക്കൂത്തിന് എ ഗ്രേഡ് നേടി ഹാട്രിക് അടിച്ചിരിക്കുകയാണ്. പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണനുണ്ണി കഴിഞ്ഞ രണ്ടു വർഷമായി മോണോആക്ടിലും എ ഗ്രേഡ് നേടി. മിമിക്രിയിൽ കഴിഞ്ഞ വർഷം എ ഗ്രേഡ് നേടി. അച്ഛനെ പരിശീലിപ്പിച്ച ഗുരുക്കന്മാർ തന്നെയാണ് മകനെയും അഭ്യസിപ്പിക്കുന്നത്. ചാക്യാർക്കൂത്തിൽ പൈങ്കുളം നാരായണ ചാക്യാരും മോണോ ആക്ടിൽ കെ.പി.ശശികുമാറുമാണ് ഇരുവരുടെയും ഗുരുക്കന്മാർ. ശ്രീജിത്ത് ആണ് മിമിക്രി പരിശീലകൻ. ചാക്യാർക്കൂത്തിൽ എ ഗ്രേഡ് നേടിയ കൃഷ്ണനുണ്ണി മോണോ ആക്ട്, മിമിക്രി ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. കൃഷ്ണനുണ്ണിയുടെ അമ്മ ഡോ.അശ്വതിയും ജില്ലാ കലോത്സവങ്ങളിൽ സ്‌ഥിരസാന്നിദ്ധ്യമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |