SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.14 PM IST

പുതിയ പെൻഷന് ബഡ്ജറ്റിൽ തുകയില്ല #സർക്കാർ വിഹിതവും നിശ്ചയിച്ചില്ല

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം:ജീവനക്കാർക്ക് പുതിയ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയിട്ടില്ല. പുതിയ പെൻഷൻ പദ്ധതിക്ക് എത്രരൂപ വേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല.

ഒട്ടേറെ കാര്യങ്ങളിൽ ഇനിവേണം തീരുമാനമാകാൻ. ചട്ടങ്ങൾ വിജ്ഞാപനം ചെയ്താലേ വിശദാംശങ്ങളിൽ വ്യക്തത വരിക.

സൂചനയനുസരിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി പോലെ ഇതിലും ജീവനക്കാർ 10%വിഹിതം നൽകണം. സർക്കാർ വിഹിതംകൂടി ചേർത്ത് പുതുതായി തുടങ്ങുന്ന പെൻഷൻ ഫണ്ടിലേക്കു മാറ്റും. സർക്കാർ വിഹിതം തീരുമാനിച്ചിട്ടില്ല.

5.2ലക്ഷത്തോളം ജീവനക്കാരുള്ളതിൽ, 2013ന് മുമ്പ് സർവീസിൽ പ്രവേശിച്ച മൂന്നു ലക്ഷത്തോളം പേർക്ക് സ്റ്റാറ്റ്യൂറ്ററി പെൻഷനാണ്. ശേഷിക്കുന്ന 2.22 ലക്ഷത്തോളം ജീവനക്കാർക്കാണ് പുതിയ പെൻഷൻ പദ്ധതി.അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതി പെൻഷൻ ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.

ജീവനക്കാരുടെ ക്ഷാമബത്തയ്ക്ക് തുല്യമായി പെൻഷൻ കാർക്കുള്ള ക്ഷാമാശ്വാസവും അനുവദിച്ചിട്ടുണ്ട്. അതിനാൽ ക്ഷാമബത്ത അനുവദിക്കുന്നതനുസരിച്ച് പെൻഷനും കൂടും.

2013നുശേഷം നിയമിതരായി ഇതിനകം വിരമിച്ച ആറായിരത്തോളം പേർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുച്ഛമായ പെൻഷനേ ലഭിക്കുന്നുള്ളൂ. ഇവരെ അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നതും വിഹിതം വാങ്ങുന്നതും തീരുമാനിച്ചിട്ടില്ല.അതുകൂടി നിശ്ചയിച്ചാൽ മാത്രമേ എത്രപേർ പുതിയ പെൻഷൻപദ്ധതിയിൽ ഉണ്ടാകുമെന്നും സർക്കാരിന് എത്ര സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നും വ്യക്തമാകൂ.

എൻ.പി.എസ്. പൂർണമായി പിൻവലിക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. അഷ്വേർഡ് പെൻഷൻ നടപ്പാക്കിയ തമിഴ്നാട്ടിൽ എൻ.പി.എസ്.നിലനിർത്തിയിട്ടുണ്ട്. നിലവിൽ ഏത് പദ്ധതി വേണമെന്ന് ജീവനക്കാർക്ക് തീരുമാനിക്കാം.എൻ.പി.എസിൽ അടച്ച പണം പിൻവലിക്കില്ല. ജീവനക്കാർ വിരമിക്കുമ്പോൾ അവർ എൻ.പി.എസിൽ അടച്ചതിന്റെ അടിസ്ഥാനത്തിൽ കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ടിലേക്ക് മാറ്റണമെന്ന നിർദേശം പരിഗണിക്കുന്നുണ്ട്.എൻ.പി.എസ്. പെൻഷൻ പ്രായം 60 ആണ്. പുതിയ പദ്ധതിയിലും 60 തന്നെയായിരിക്കും.

TAGS: BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY