
തൃശൂർ: പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ പണിശാലയിൽ കത്തിയമർന്നവരുടെ മൃതദേഹം തിരിച്ചറിയുക പൊലീസിനും ഡോക്ടർമാർക്കും ശ്രമകരമാകും. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പല മൃതദേഹങ്ങളും എത്തിച്ചത് ചിന്നിച്ചിതറിയ നിലയിലാണ്. മുഖവും വസ്ത്രങ്ങളുമടക്കം കത്തിക്കരിഞ്ഞു.
മെഡിക്കൽ കോളേജ് അധികൃതർ ഫോറൻസിക് വിഭാഗത്തോട് ശാസ്ത്രീയ പരിശോധനകൾക്ക് നിർദ്ദേശം നൽകി. പരിശോധനയും പോസ്റ്റ്‌മോർട്ടവും ഇന്ന് പൂർത്തിയായേക്കും. പൊള്ളലേറ്റ് പ്രത്യേക ബേൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചവരുടെ നില അതീവ ഗുരുതരമാണ്. നിലവിൽ 13 പേർ ഇവിടെ ചികിത്സയിലുണ്ട്. ആലപ്പുഴ, കോട്ടയം, തിരുവനന്തരം, പാലക്കാട്, കൊച്ചി മെഡിക്കൽ കോളേജുകളിൽ നിന്ന് മെഡിക്കൽ സംഘം തൃശൂരിലെത്തിയിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരമറിയാൻ ആളുകൾ കൂട്ടമായെത്തിയതോടെ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂമും തുറന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തൃശൂരിലെത്തി. ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെ സ്ഥലത്തുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നുണ്ട്.
ഭൂചലനം പോലെ കിടുങ്ങി
ഉച്ചതിരിഞ്ഞുണ്ടായ കനത്ത പൊട്ടിത്തെറിയുടെ പ്രകമ്പനം രണ്ട് കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടു. ഭൂചലനമാണെന്ന് കരുതി വീടുകളിൽ നിന്ന് ആളുകൾ ഇറങ്ങിയോടി. കനത്തപുകയും വെടിമരുന്നിന്റെ ഗന്ധവും കൊണ്ടാണ് പടക്കശാലയിലെ തീപിടിത്തമാണെന്ന് മനസിലാക്കിയത്. സമീപപ്രദേശത്തെ വീടുകളുടെ മേൽക്കൂരകളും ജനൽച്ചില്ലുകളും തകർന്നു. മണ്ണും കല്ലും വീടിനകം വരെയെത്തി. 26നാണ് തൃശൂർ പൂരം. അന്ന് അർദ്ധരാത്രിക്കു ശേഷം പ്രധാന വെടിക്കെട്ടും 24ന് സന്ധ്യയ്ക്ക് സാമ്പിൾ വെടിക്കെട്ടും നടക്കാനിരിക്കേയാണ് ദുരന്തം.
മെഡിക്കൽ കോളേജ്
കൺട്രോൾ റൂം നമ്പർ : 8075011853.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |