
തിരുവനന്തപുരം: ജനാധിപത്യത്തിന്റേയും സമാധാനത്തിന്റേയും വഴിയിലൂടെ കോൺഗ്രസ് പ്രവർത്തിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ അവരെ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
എൽ.ഡി.എഫിനെ രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെ കായികമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായ മാർഗമാണ് കോൺഗ്രസ്ര് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. വരുന്ന നിയമസഭ തീരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് അക്രമ സമരങ്ങൾക്ക് യു.ഡി.എഫിനേയും കോൺഗ്രിനെയും പ്രേരിപ്പിക്കുന്നത്.
കണ്ണൂർ റെയിൽ സ്റ്റേഷനകത്ത് കയറി മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെ പറഞ്ഞയച്ചത് കോൺഗ്രസാണ്. വീണാ ജോർജിനെ പിന്നാലെ നടന്ന് വേട്ടയാടുകയാണ് . നിയമസഭയിലും പുറത്തും ആരോഗ്യ മന്ത്രിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമോത്സുകമായ പ്രചരണങ്ങളുടെ ചുവട് പിടിച്ചാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ക്രിമിനലുകളെപ്പോലെ വീണയുടെ വാഹനത്തിന് മുന്നിൽ ചാടുന്നതും, പരിപാടികൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതും. അപ്പോഴൊന്നും ഒട്ടും കുലുങ്ങാതെ തന്റെ ലക്ഷ്യത്തിലൂടെ നടന്ന് നീങ്ങിയ മന്ത്രിയാണ് വീണാ ജോർജ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ റീത്ത് വച്ചതും ഗേറ്റ് തകർത്തതും അവരെ അപായപ്പെടുത്താനാണെന്ന് തെളിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മേഖലയാക്കി കേരളത്തെ മാറ്റിയതാണോ വീണ ചെയ്ത കുറ്റം.വയറ്റിൽ കത്രിക വച്ച് കെട്ടിയതുൾപ്പെടെ അവർക്ക് പങ്കില്ലാത്ത സംഭവങ്ങളുടെ പേരിലാണ് അക്രമ സമരങ്ങൾ . കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് ഒരാൾ മരിച്ച സംഭവത്തിലും മന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചു. പർവ്വതീകരിച്ചു കാണിക്കുന്ന അപൂർവ്വ സംഭവങ്ങളിൽ ആരെയെങ്കിലും പഴിച്ച് രക്ഷപ്പെടാനല്ല, അടിയന്തിര പരിഹാരത്തിനാണ് മന്ത്രി വീണ ശ്രമിച്ചിട്ടുള്ളതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |