തിരുവനന്തപുരം: സി.പി.എം പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും 15,16,17 തീയതികളിൽ ജില്ലാകേന്ദ്രങ്ങളിൽ വൻ പ്രതിഷേധയോഗങ്ങളും നടത്തും.സെക്രട്ടേറിയറ്റ് മാർച്ചിന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേതൃത്വം നൽകും.
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ അഡ്വ.രൺജിത്ത് ശ്രീനിവാസന് അഭിഭാഷകരുടെ നേതൃത്വത്തിൽ ശ്രദ്ധാജ്ഞലി സംഘടിപ്പിക്കും. 7 മുതൽ12 വരെ ജില്ലകളിൽ അഭിഭാഷക കൂട്ടായ്മയുടെ ശ്രദ്ധാജ്ഞലി നടക്കും.കൂടാതെ ' പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം ' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് 25കേന്ദ്രങ്ങളിൽ ജനകീയകൂട്ടായ്മ നടത്താനും കോഴിക്കോട് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.
കെ-റെയിൽ വിരുദ്ധപോരാട്ടത്തിന്റെ ഭാഗമായി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ കെ-റെയിൽ കടന്നുപോകുന്ന ജില്ലകളിൽ കെ റെയിൽ വിരുദ്ധപദയാത്ര നടത്താനും യോഗം തീരുമാനിച്ചു.നന്ദിഗ്രാമിനായി ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ജനവിരുദ്ധപ്രസ്താവനകൾ നടത്തിയ സ്വരത്തിലാണ് കെ.റെയിലിനായി കേരളമുഖ്യമന്ത്രിയും സംസാരിക്കുന്നതെന്ന് ജോർജ്ജ് കുര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |