തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും.ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരളനിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളിൽ പങ്കാളികളാകും.രാവിലെ 9മുതൽ രാത്രി 9വരെ പ്രവേശനം അനുവദിക്കും.പ്രമുഖ സാഹിത്യകാരൻ ടി.പദ്മനാഭനെ ചടങ്ങിൽ ആദരിക്കും.മന്ത്രിമാരായ കെ.രാധാകൃഷ്ണൻ,കെ.രാജൻ,കെ.കൃഷ്ണൻകുട്ടി,റോഷി അഗസ്റ്റിൻ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,മേയർ ആര്യ രാജേന്ദ്രൻ,എം.എൽ.എ മാരായ പി.കെ.കുഞ്ഞാലിക്കുട്ടി,പി.ജെ.ജോസഫ്, തോമസ് കെ.തോമസ് എന്നിവർ പങ്കെടുക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭാസെക്രട്ടറി എ.എം.ബഷീർ നന്ദിയും പറയും.ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പകർന്നുകൊണ്ട് 'വായനയാണ് ലഹരി" എന്ന സന്ദേശമാണ് പുസ്തകോത്സവം മന്നോട്ടുവയ്ക്കുന്നത്.വിവിധ കലാസാംസ്കാരിക പരിപാടികൾ,കായിക പരിപാടികൾ,പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.രാഷ്ട്രീയ,കലാ,സാംസ്കാരിക,സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ 16 പുസ്തകങ്ങൾ ആദ്യദിനത്തിൽ പ്രകാശനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |