
തിരുവനന്തപുരം: എസ്.ഐ.ആറിൽ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേർ വീണ്ടും ഹിയിറിംഗിന് എത്തേണ്ട സാഹചര്യത്തിൽ ഇവരെ സഹായിക്കാനായി സർക്കാർ ഹെല്പ് ഡെസ്കുകൾ ആരംഭിക്കുന്നു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫീസിൽ സൗകര്യം ഒരുക്കും. ഇവിടെ രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കും. അതത് ജില്ലാകളക്ടർമാർക്കായിരിക്കും ചുമതല. ഉന്നതി, തീരദേശ മേഖല എന്നിവിടങ്ങളിൽ നേരിട്ടെത്തി സഹായം നൽകും, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തുള്ളവർ ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കാർഡിന് നിയമപ്രാബല്യം നൽകുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സർക്കാർ സേവനങ്ങൾക്കും ഗുണഭോക്തൃ രേഖയായി ഈ കാർഡ് ഉപയോഗിക്കാൻ കഴിയും. തഹസീദാർക്കായിരിക്കും ഈ കാർഡ് നൽകാനുള്ള ചുമതല. പൗരത്വവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് ഇത് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |