
തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഒന്നാംഘട്ടം സംസ്ഥാനത്ത് ഇന്നലെ പൂർത്തിയായതിന് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനിടയുളള 25 ലക്ഷത്തോളം പേരുടെ പട്ടിക ഇന്നലെ ഇലക്ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചു. കമ്മിഷന്റെ https://www.ceo.kerala.gov.in/asd-list എന്ന ലിങ്ക് വഴി പട്ടിക പരിശോധിക്കാം.
പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഫോം 6 നൽകി പേര് ചേർക്കാനുള്ള സൗകര്യമുണ്ട്. 23ന് മുമ്പാണെങ്കിൽ ഇതിനായി ഒരു ബൂത്തിൽ നിന്ന് ബി.എൽ.എ വഴി 50 അപേക്ഷകൾ വരെ സമർപ്പിക്കാം. അതിനുശേഷം പത്തെണ്ണം മാത്രമേ അനുവദിക്കൂ. 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
അതേസമയം, വോട്ടർപട്ടികയിൽ വ്യാജപേരുകളുണ്ടെന്ന ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാണ് ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലെ വിവരങ്ങൾ. വ്യാജ വോട്ടർമാരുണ്ടെന്ന് ബി.ജെ.പി ആരോപണമുന്നയിച്ച തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂർ വാർഡിലെ രണ്ടു ബൂത്തുകളിലായി 430 വോട്ടർമാരാണ് പട്ടികയിലുള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ വ്യാജ വോട്ടർമാരുണ്ടെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലെ അടൂർ പ്രകാശ് ആരോപണമുന്നയിച്ചിരുന്നു. ഇവിടെ അരലക്ഷത്തിലേറെ വോട്ടർമാരാണ് ഒഴിവാക്കപ്പെടുന്ന പട്ടികയിലുള്ളത്.
ഒരു ബൂത്തിൽ ശരാശരി 45 പേരാണ് കണ്ടെത്താനാകാത്തവരായി ഉള്ളതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. എന്നാൽ, പല ബൂത്തുകളിലും 300ലധികംപേർ പട്ടികയിലുണ്ട്. നേമം മണ്ഡലത്തിലെ ഒരു ബൂത്തിൽ 490 പേർവരെ കണ്ടെത്താനാകാത്തവരുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ ബൂത്തുകളിലൊന്നിൽ 230പേരും. തിരുവനന്തപുരം ജില്ലയിൽ നാലുലക്ഷത്തിലേറെ വോട്ടർമാരാണ് പുറത്താക്കപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |