
തിരുവനന്തപുരം: ഇരുപത്തിനാലു ലക്ഷത്തിലേറെ വോട്ടർമാരെ ഒഴിവാക്കിയും 17.78ലക്ഷം വോട്ടർമാരെ സ്ഥിരപ്പെടുത്താതെയും പുറത്തിറക്കിയ എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടികയ്ക്ക് എതിരെ ഉയർന്ന പരാതികൾ തീർപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു. ഒന്നിൽ കൂടുതൽ ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേന്ദ്രനിരീക്ഷകയായി ഐശ്വര്യസിംഗും ഉണ്ടായിരിക്കും. നടപടികളുമായി ബന്ധപ്പെട്ട മൂന്നു ഘട്ടങ്ങളിൽ ഇവർ ജില്ലകൾ സന്ദർശിച്ച് പാകപ്പിഴ ഇല്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ.യു.ഖേൽഖർ അറിയിച്ചു.
എം.ജി.രാജമാണിക്യം കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലും കെ.ബിജു തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലും മേൽനോട്ടം വഹിക്കും. കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളുടെ ചുമതല ടിങ്കു ബിസ്വാളിനാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ഡോ.കെ.വാസുകിയും ചുമതല വഹിക്കും.
അവകാശവാദങ്ങളും എതിർപ്പുകളും
സ്വീകരിക്കുന്ന നോട്ടീസ് ഘട്ടം, ഇ.ആർ.ഒമാർ മുഖേന അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന വേള,
ബി.എൽ.ഒമാർ പ്രവർത്തന പകർപ്പ് പരിശോധിക്കുകയും
അന്തിമ പട്ടിക പരിഷ്കരിക്കുകയും ചെയ്യുന്ന വേള എന്നിങ്ങനെയാണ് അതു നിശ്ചയിച്ചിരിക്കുന്നത്.
ഇവർ ആദ്യം ജില്ലകൾ സന്ദർശിച്ച് എം.പിമാർ,എം.എൽ.എമാർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് പരാതികളും പരാതിവിഷയങ്ങളും കേൾക്കും. പുനഃപരിശോധനാ നടപടികളിൽ അവരുടെ സജീവപങ്കാളിത്തം ഉറപ്പാക്കും. തീയതിയും സമയവും മുൻകൂട്ടി അറിയിച്ചശേഷം പൊതുജനങ്ങളുടെ യോഗവും നടത്തും.
ഏതെങ്കിലും മണ്ഡലത്തിൽ ഒഴിവാക്കപ്പെട്ട പട്ടിക ജില്ലാശരാശരിയെക്കാൾ ഒരുശതമാനത്തിലധികമോ, നിയമസഭാ മണ്ഡലത്തിലെ മൂന്നുശതമാനത്തിൽ അധികമോ ആണെങ്കിൽ, ഇ.ആർ.ഒമാർ സമർപ്പിച്ച റിപ്പോർട്ടുകളും വിശദീകരണങ്ങളും സൂക്ഷ്മമായി ഇവർ പരിശോധിക്കും.
ബി.എൽ.ഒ.മാരുടെ ഡ്യൂട്ടി ജനുവരി 22വരെ നീട്ടിയിട്ടുണ്ട്. 5003 പുതിയ ബൂത്തുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. 27 ബൂത്തുകളുടെ രൂപീകരണത്തിൽ പിന്നീട് തീരുമാനമെടുക്കും.ഇതോടെ സംസ്ഥാനത്ത്ബൂത്തുകളുടെ എണ്ണം 30000ആയി.
പരാതികൾ പരിഹരിക്കാൻ 1000ത്തോളം ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. 140 ഇ.ആർ.ഒ.മാരും 145 അസിസ്റ്റന്റ് ഇ.ആർ.ഒ.മാരും ഉൾപ്പെടുന്നു.പുറമെ ,30000ത്തോളം ബി.എൽ.ഒ.മാരും രണ്ടാം ഘട്ടത്തിൽ പങ്കാളികളാകും.
തെളിവെടുപ്പ് നോട്ടീസ്
വീട്ടിൽ തരും
#തെളിവെടുപ്പിന് ഹാജരാകാനുള്ള നോട്ടീസ് ബി.എൽ.ഒമാർ നേരിട്ട് വീട്ടിലെത്തിക്കും.എന്താണ് കാരണമെന്നും എന്ത് രേഖയാണ് ഹാജരാക്കേണ്ടതെന്നും അതിൽ രേഖപ്പെടുത്തിയിരിക്കും. നോട്ടീസിന്റെ പകർപ്പിൽ വോട്ടറുടെ ഒപ്പിട്ടുവാങ്ങുകയും ചെയ്യും. വോട്ടറുടെ ബൂത്തിന് സമീപമുളള സ്ഥലത്തായിരിക്കും ഹിയറിംഗ്. ആരെയെല്ലാം നോട്ടീസ് നൽകി തെളിവെടുപ്പിന് വിളിക്കണമെന്ന് ഇ.ആർ.ഒ തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |