
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 24.08 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പ്രതിഷേധം . മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾ കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ പുറത്തുവന്ന കണക്കുകൾ പ്രകാരം വൻതോതിലുള്ള കുറവാണ് പട്ടികയിൽ ഉണ്ടായിരിക്കുന്നത്. ആകെ 24.08 ലക്ഷം പേരാണ് പുറത്തായത്. കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം 6.45 ലക്ഷം. അതിൽ താമസം മാറിയവർ 8.16 ലക്ഷം പേർ. ഇരട്ടിപ്പ് 1.36 ലക്ഷം. ഫോം നിരസിച്ചവരുടെ എണ്ണം 1.60 ലക്ഷം. എന്നാൽ ഈ കണക്കുകളെല്ലാം തെറ്റാണെന്നാണ് ബിജെപി ഒഴികെയുള്ള പാർട്ടികളുടെ വിമർശനം. കണ്ടെത്താൻ കഴിയാത്തവരുടെയും ഫോം നിരസിച്ചവരുടെയും എണ്ണം കളവെന്ന് സിപിഎം ആരോപിച്ചു. മരിച്ചവരുടെ കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്നും, കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയവരുടെ വിവരങ്ങൾ തെറ്റാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രം 710 പേരെ ഇത്തരത്തിൽ ഒഴിവാക്കിയെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മുൻ എംഎൽഎയും സിപിഎം നേതാവുമായ രാജാജി മാത്യൂ തോമസ്, തനിക്കും ഭാര്യയ്ക്കും എന്യൂമറേഷൻ ഫോം നൽകിയിട്ടും പട്ടികയിൽ ഇടം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടു. എന്നാൽ ഒല്ലൂർ മണ്ഡലത്തിലെ 43ാം നമ്പർ ബൂത്തിൽ ഇവരുടെ പേരുണ്ടെന്നും ഒഴിവാക്കിയിട്ടില്ലെന്നും കമ്മീഷൻ പിന്നീട് വിശദീകരിച്ചു.
പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. എന്നാൽ, പരാതി പരിഹരിക്കാൻ അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കരട് പട്ടിക പരിശോധിച്ച ശേഷം പിഴവുകൾ ഉണ്ടെങ്കിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ വഴി തിരുത്താൻ സാധിക്കും. പട്ടികയിലെ ഇരട്ടിപ്പുകളും പിഴവുകളും ഒഴിവാക്കി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |