കൊച്ചി: വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാപകമായിട്ടാണ് പൊലീസ് സ്റ്റേഷനുകളിലും കോടതിക്ക് മുന്നിലും എത്താറുള്ളത്. എന്നാല്‍ വിവാഹിതരായ ഒരു സ്ത്രീകളും മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നല്‍കാറുണ്ട്. പലപ്പോഴും ബന്ധം പിരിഞ്ഞതിന് ശേഷമാണ് ഇത്തരം പരാതികള്‍ അധികൃതര്‍ക്ക് മുന്നില്‍ എത്താറുള്ളത്. എന്നാല്‍ മറ്റൊരാളുടെ ഭാര്യയായിരിക്കെ അന്യപുരുഷന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി ഒരു സ്ത്രീക്ക് ഉന്നയിക്കാന്‍ കഴിയുമോ?
പാലക്കാട് സ്വദേശിയായ ഒരു യുവാവിന്റെ കേസ് പരിഗണിച്ചുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നത്, ഒരാളുടെ ഭാര്യയായി വിവാഹജീവിതത്തില്‍ കഴിയുന്ന ഒരു യുവതിക്ക് മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിക്കാന്‍ കഴിയില്ലെന്നാണ്. വിവാഹത്തില്‍ തുടര്‍ന്നുകൊണ്ടു തന്നെ മറ്റൊരു വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 19 ദിവസം ജയിലില്‍ കഴിഞ്ഞ പാലക്കാട് സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മലപ്പുറത്തെ ഒരു ആശുപത്രിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിയായ യുവാവിനെതിരെയാണ് ഒപ്പം ജോലി ചെയ്തിരുന്ന യുവതി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയ ശേഷം പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെന്നുമാണ് പരാതി. 2.5 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
കേസില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ യുവാവ് 19 ദിവസം ജയിലില്‍ കഴിയുകയും ചെയ്തതിന് ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുവതിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ വിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് യുവാവിന്റെ വാദം.ആശുപത്രിയിലെ ബില്ലിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ 14 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ ആളാണ് യുവതിയെന്നും ഇതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്നും യുവാവ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |