പൊതുവേദികളിൽ വിഎസ് അച്യുതാനന്ദൻ എത്തിയാൽ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ വിപ്ലവവീര്യം തിളച്ചു പൊങ്ങുമായിരുന്നു. അവർ ആർത്തു വിളിച്ചിരുന്നു- 'കണ്ണേ കരളേ വിഎസേ, കേരള മണ്ണിൻ പൊൻമുത്തേ..." മലയാളികൾക്ക് കണ്ണും കരളുമൊക്കെയായിരുന്നു വിഎസ്. വിഭാഗീയതയുടെ കാലത്തും വിഎസ് വേദിയിലേക്കെത്തുമ്പോൾ നിശബ്‌ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നവരുടെ പോലും മുഷ്ടികൾ ചുരുളുമായിരുന്നു.
സിപിഎം പ്രവർത്തകർ മാത്രമല്ല, എല്ലാവരും വിഎസിനെ അഭിവാദ്യം ചെയ്‌തിരുന്നു. പാർട്ടി എന്തെന്നറിയാത്ത കൊച്ചുകുട്ടികൾക്ക് പോലും വിഎസ് ആവേശമായിരുന്നു. വിഎസ് എന്ന മലയാളക്കരയുടെ വിപ്ലവസൂര്യന് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. 16 വയസ് വരെ കടുത്ത ദൈവവിശ്വാസിയായിരുന്ന വിഎസ് നിരീശ്വരവാദിയായതിന് പിന്നിൽ ഒരു കഥയുണ്ട്.
അച്യുതാനന്ദന് നാല് വയസുള്ളപ്പോഴാണ് അമ്മയ്ക്ക് വസൂരി വന്നത്. അത്യാസന്നനിലയിൽ അകലെയുള്ള ഓലക്കൂരയിൽ കിടക്കുകയാണ് അമ്മ. അവർക്ക് അവസാനമായി മക്കളെ കാണണം. മക്കളെ അവിടെയെത്തിച്ചു. ഓലക്കീറിന്റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. കാര്യമെന്തെന്ന് അറിയില്ലെങ്കിലും മക്കൾ കരഞ്ഞു. അമ്മ തങ്ങളെ കൈകാട്ടി വിളിക്കുന്നത് നാലുവയസുകാരൻ കണ്ടു... അങ്ങോട്ടു കുതിക്കാൻ ശ്രമിച്ചു. മറ്റുള്ളവർ പിടിച്ചുനിറുത്തി. കരഞ്ഞു തളർന്ന് തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി ആ കുട്ടി നടന്നു. മക്കൾ മറഞ്ഞതും ആ അമ്മയുടെ മിഴികൾ എന്നന്നേക്കുമായി അടഞ്ഞു. പിന്നെ അച്ഛൻ ശങ്കരൻ തന്നെയായിരുന്നു അമ്മയും. വി.എസിന് പതിനാറ് വയസുള്ളപ്പോൾ അച്ഛനും കടുത്തരോഗം വന്നു മരിച്ചു. അന്നത്തോടെ വി.എസ് നിരീശ്വരവാദിയായി.
ഇതേക്കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞതിങ്ങനെ:
'അച്ഛന്റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാൻ പതിവായി പ്രാർത്ഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്ന് വാങ്ങിയിരുന്നതും ഞാനായിരുന്നു. പക്ഷേ, എന്തുകാര്യം? അച്ഛൻ മരിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ, ഞാൻ പ്രാർത്ഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചതുമില്ല. വലുതായപ്പോൾ ശാസ്ത്രപുസ്തകങ്ങൾ വായിച്ചപ്പോഴാണ് പ്രാർത്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |