
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ചെന്ന ആരോപണം നേരിടുന്ന സി.ഐ അഭിലാഷ് ഡേവിഡിന് 2023 ജനുവരിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സി.എച്ച്. നാഗരാജു പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നുവെന്ന വിവരം പുറത്തുവന്നു. മറുപടി നൽകാൻ 15 ദിവസത്തെ സമയവും നൽകി. മറുപടി നൽകിയില്ലെങ്കിലോ തൃപ്തികരമല്ലെങ്കിലോ നടപടി എടുക്കുമെന്നായിരുന്നു നോട്ടീസിൽ. എന്നാൽ, തുടർനടപടികൾ മന്ദഗതിയിലായി. വൈകാതെ നോട്ടീസ് ഒഴിവാക്കുകയും ചെയ്തു.
ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിനായിരുന്നു പിരിച്ചുവിടൽ നോട്ടീസ്. ഇതിനെതിരെ അഭിലാഷ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടികളൊഴിവാക്കി. ഗുണ്ടാ, റിയൽ എസ്റ്റേറ്റ് മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സേനയുടെ പ്രതിച്ഛായ നശിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അഭിലാഷിനെ ഡി.ജി.പി സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു കമ്മിഷണറുടെ നടപടി.
ഐ.ജിക്ക് തന്നെ പിരിച്ചുവിടാൻ അധികാരമില്ലെന്നായിരുന്നു ട്രൈബ്യൂണലിൽ അഭിലാഷ് വാദിച്ചത്. സർക്കാരിനും ഡി.ജി.പിക്കും അപ്പീൽ നൽകി. പിന്നാലെ ഒരു ശമ്പള വർദ്ധനവ് തടഞ്ഞ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു നിയമിക്കണമെന്ന വ്യവസ്ഥയോടെയാണ് പിരിച്ചുവിടൽ നോട്ടിസ് ഒഴിവാക്കിയതെന്നാണ് സൂചന. കോഴിക്കോട് റൂറലിൽ കൺട്രോൾ റൂമിൽ നിയമിതനായ അഭിലാഷ് അധികം വൈകാതെ ക്രമസമാധാന ചുമതലയിൽ തിരിച്ചെത്തി.
ഗുരുതരമായ
കൃത്യവിലോപം
ശ്രീകാര്യം സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗീകപീഡന കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയും, ഇരയെ വൈദ്യപരിശോധന നടത്തുകയോ മൊഴിയെടുക്കുകയോ ചെയ്യാതെയും തന്റെ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി അഭിലാഷ് പാരിപ്പള്ളി സ്റ്റേഷനിലേക്ക് കേസ് കൈമാറി.
അന്നത്തെ കൊല്ലം ജില്ലാ പൊലീസ് മേധാവി ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചു. ഇത് അന്വേഷിക്കാൻ ഡി.സി.ആർ.ബി ഡിവൈ.എസ്.പിയെ കമ്മിഷണർ ചുമതലപ്പെടുത്തി. ഗുരുതരമായ കൃത്യവിലോപം, വീഴ്ച, ജാഗ്രതയില്ലായ്മ എന്നിവയുണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുൻപ് ലഭിച്ച ശിക്ഷകൾകൂടി കണക്കിലെടുത്താണ് സർവീസിൽ നിന്ന് നീക്കാൻ കമ്മിഷണർ നോട്ടീസ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |