തിരുവനന്തപുരം: ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. 'ഓണം കുടുംബശ്രീയോടൊപ്പം' എന്ന ടാഗ്‌ലൈനോടുകൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി 5000 ഗിറ്റ് ഹാമ്പറുകൾ കുടുംബശ്രീ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാദ്ധ്യമ ശില്‌പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗിഫ്റ്റ് ഹാമ്പറുകൾ കുടുംബശ്രീയുടെ ഓൺലൈൻ സ്റ്റോറായ പോക്കറ്റ് മാർട്ടിലൂടെ ലഭ്യമാകും. ഓണത്തിനാവശ്യമായ ഒൻപത് ഉത്‌പന്നങ്ങളായിരിക്കും ഗിഫ്റ്റ് ഹാമ്പറിലുണ്ടാവുക. 799 രൂപയാണ് വില. കൊറിയർ ചാർജ് ഉണ്ടാകില്ല. ഇതിനുപുറമെ 50,000 ഓണകിറ്റുകളും കുടുംബശ്രീ പുറത്തിറക്കുന്നുണ്ട്. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ നാലുവരെ തൃശൂരിൽ കുടുംബശ്രീയുടെ സംസ്ഥാനതല ഓണവിപണന മേളയുണ്ടാകും. 13 ജില്ലകളിൽ ജില്ലാതല മേളയും ഉണ്ടാവും. ഇത് ഓണവിപണിയിൽ വില പിടിച്ചുനിർത്താൻ സഹായിക്കും'- മന്ത്രി ശില്‌പശാലയിൽ അറിയിച്ചു.
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന മുദ്രാവാക്യം സാക്ഷാത്‌കരിക്കുന്നതിൽ ഏറ്റവും നിർണായകമായ പങ്ക് വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ എന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.'സ്ത്രീകൾക്ക് പൊതുരംഗത്തേയ്ക്ക് കടന്നുവരാനുള്ള അവസരമുണ്ടായി. കുടുംബശ്രീയിലൂടെ എംഎൽഎ സ്ഥാനത്തുവരെ എത്തിയവരുണ്ട്. അതിദാരിദ്ര്യ നിർമാർജന പദ്ധതി നടപ്പിലാക്കാവുന്ന നിലയിലേയ്ക്ക് കേരളം മാറിയതിൽ കുടുംബശ്രീക്ക് പങ്കുണ്ട്. കുടുംബശ്രീയുടെ 'ഉജ്ജീവനം' എന്ന പദ്ധതിയിലൂടെ 4000ൽ അധികം പേർക്ക് വരുമാനമാർഗമുണ്ടായി.
കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പതിനൊന്നര കോടി രൂപയാണ് കുടുംബശ്രീ നൽകിയത്. വയനാട് ദുരിതത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഏറ്റവും വലിയ സംഭാവന നൽകിയത് കുടുംബശ്രീയാണ്. 20 കോടി രൂപയാണ് കുടുംബശ്രീ സംഭാവന ചെയ്തത്. മറ്റൊരു കോർപ്പറേറ്റ് സ്ഥാപനവും നൽകാത്ത വലിയ തുകയാണിത്. വരുമാന വർദ്ധനവ് എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് ഇപ്പോൾ കുടുംബശ്രീ മുന്നോട്ട് പോകുന്നത്. 48 ലക്ഷം അംഗങ്ങളാണ് നിലവിൽ കുടുംബശ്രീയിലുള്ളത്. അംഗത്വത്തിൽ 50 ലക്ഷം കടക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയെ ന്യൂജെൻ ആക്കുന്നതിനായി ഓക്‌സിലറി ഗ്രൂപ്പുകളും തുടങ്ങി. ഓണത്തിന് മുൻപ് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീയിൽ നടക്കുകയാണ്. അതിനായി തൊഴിൽമേളകൾ സംഘടിപ്പിക്കും. ഒരുകൊല്ലം കൊണ്ട് മൂന്നുലക്ഷം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കും. 'കെ ഫോർ കെയർ' എന്ന പദ്ധതിയിലും കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാണ്. കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിലൂടെ (കെ-ടാപ്) 180 ആധുനിക സാങ്കേതിക വിദ്യകൾ കുടുംബശ്രീ സ്വന്തമാക്കി'- മന്ത്രി അറിയിച്ചു.
കെ-ടാപ്
കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് കെ-ടാപ്പിനെക്കുറിച്ചും കുടുംബശ്രീ സ്വന്തമാക്കിയ 180 നൂനത സാങ്കേതിക വിദ്യകളെക്കുറിച്ചും അതിലൂടെ ഉത്‌പാദിപ്പിക്കുന്ന പുതിയ ഉത്‌പന്നങ്ങളെക്കുറിച്ചും പങ്കുവച്ചു. ഡയബറ്റീസ് രോഗികൾക്കും കുട്ടികൾക്കും ഉൾപ്പെടെ കഴിക്കാവുന്ന, കൃത്രിമ നിറങ്ങളോ രാസപദാർത്ഥങ്ങളോ ഉൾപ്പെടാത്ത ഭക്ഷ്യവസ്തുക്കളാണ് കുടുംബശ്രീ നിർമിക്കുന്നത്. വിവിധ സിറപ്പുകൾ, കോഫി പൗഡർ, ചിപ്‌സ്, അച്ചാർ, ഐസ്‌ക്രീം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിനായി കുടുംബശ്രീ അംഗങ്ങൾക്ക് നൂതന പരിശീലനം നൽകും. കുടുബശ്രീയുടെ ഓൺലൈൻ സ്റ്റോറായ പോക്കറ്റ് മാർട്ടിനെക്കുറിച്ചും കുടുംബശ്രീയുടെ മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി സി വിവരിച്ചു.
ചടങ്ങിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എച്ച് ദിനേശൻ ഐഎഎസ് സ്വാഗതം അർപ്പിച്ചു. ഐ ആന്റ് പിആർഡി ഡയറക്‌ടർ ടിവി സുഭാഷ് ഐഎഎസ്, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ ഗീത നസീർ, സ്‌മിത സുന്ദരേശൻ, തിരുവനന്തപുരം പ്രസ് ക്ളബ് പ്രസിഡന്റ് പി ആർ പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ നന്ദി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |