മേപ്പാടി: ഉരുൾദുരന്തം തകർത്തറിഞ്ഞ മണ്ണിലേക്ക് അവർ ഒരിക്കൽ കൂടി പ്രാർത്ഥനയ്ക്കായി എത്തി. മുണ്ടക്കൈ മസ്ജിദിന് സമീപത്തെ മുനവ്വിറുൽ ഇസ്ലാം മദ്രസഹാളിലാണ് പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചത്. വൈകാരിക രംഗങ്ങളാണ് മുണ്ടക്കൈയിൽ കണ്ടത്. കഴിഞ്ഞവർഷം വരെ പെരുന്നാൾ നമസ്‌കരിച്ച മുണ്ടക്കൈ ജുമാ മസ്ജിദിൽ ഇപ്പോൾ നമസ്‌കാരം നടത്താൻ കഴിയില്ല. ഷംസുദ്ദീൻ റഹ്മാനി നമസ്‌കാരത്തിന് നേതൃത്വം നൽകി. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വിശ്വാസത്തിന്റെ കരുത്തിൽ അതിജീവിക്കാൻ കഴിയണമെന്ന് പെരുന്നാൾ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തിനിരയായവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പെരുന്നാളിന്റെ സന്തോഷ സുദിനമാണ് ഏവരുടെയും മനസിൽ. അന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പള്ളിയിലെ ഖത്തീബ് ശിഹാബ് ഫൈസി ഉരുൾ ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. പ്രാർത്ഥനയിൽ പങ്കെടുത്ത കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരും ഇന്നില്ല. അവരുടെ ഓർമ്മകൾ പലരെയും കരയിപ്പിച്ചു. ഇടറുന്ന വാക്കുകകളിലായിരുന്നു പ്രാർത്ഥന. ടി. സിദ്ദീഖ് എം.എൽ.എ, വാർഡ് മെമ്പർ സുകുമാരൻ തുടങ്ങിയവർ പള്ളിയിൽ എത്തിയിരുന്നു. മുണ്ടക്കൈ മസ്ജിദിന് സമീപത്തെ ഖബർസ്ഥാനിലും പുത്തുമലയിലെ പൊതു ശ്മശാനത്തിലും പ്രാർത്ഥന നടത്തിയാണ് അവർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |