തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി നേടിയതോടെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശിയായ അനൂപ്. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് അനൂപ് പറഞ്ഞതോടെ വീട്ടിൽ സഹായം ചോദിച്ചെത്തുന്നവരുടെ ബഹളമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളൊക്കെ അനൂപ് മുമ്പ് പങ്കുവച്ചിരുന്നു. അടുത്തിടെ അദ്ദേഹം ഒരു റസ്‌റ്റോറന്റും ആരംഭിച്ചിരുന്നു.
സമ്മാനത്തുകയുടെ പകുതി മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. 15 കോടി സംസ്ഥാന ലോട്ടറി വകുപ്പിൽ നിന്ന് ലഭിച്ചെങ്കിലും കേന്ദ്രത്തിനും സംസ്ഥാനത്തിനും ടാക്സുണ്ടെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.
കിട്ടിയ തുക ഒന്നും ചെയ്തിട്ടില്ലെന്നും പലിശ കൊണ്ടാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് തുടങ്ങിയതും മറ്റൊരാൾ പണിത പഴയ വീട് വാങ്ങിയതുമൊക്കെ ആ തുകയ്ക്ക് കിട്ടിയ പലിശയ്ക്കാണ്. ബി എം ഡബ്ല്യൂ കാർ വാങ്ങണമെന്ന് മുമ്പേ ആഗ്രഹമുണ്ടായിരുന്നു. പണമുണ്ടെങ്കിൽപ്പോലും അത് വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
25 കോടി അടിച്ചതിന് പിന്നാലെ ഒരു ഹോട്ടൽ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു. രണ്ടുവർഷത്തിനിപ്പുറം അടുത്തിടെയാണ് കൈതമുക്കിൽ 'ഹാപ്പി' എന്ന പേരിലാണ് ഹോട്ടൽ ആരംഭിച്ചത്. മുമ്പ് മണക്കാട് ലോട്ടറിക്കച്ചവടം നടത്തിയിരുന്നു. എന്നാൽ അനൂപിന്റെ സമയക്കുറവുമൂലം അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. ഇന്നും അനൂപ് ലോട്ടറിയെടുക്കാറുണ്ട്. ഇപ്പോഴും സഹായം ചോദിച്ച് ആളുകളെത്താറുമുണ്ടെന്നും അനൂപ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |