കോഴിക്കോട്: ഓണമടുത്തതോടെ നാട്ടിലെത്താന്‍ യാത്രാടിക്കറ്റുകള്‍ക്കായി മറുനാടന്‍ മലയാളികള്‍ നെട്ടോട്ടത്തില്‍. ബംഗളൂരു, ചെന്നൈ, തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും ട്രെയിന്‍ ടിക്കറ്റിന് ശ്രമിക്കുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് 100ന് മുകളിലാണ്. കേരളത്തില്‍ തെക്കന്‍, വടക്കന്‍ ജില്ലകളില്‍ കഴിയുന്നവരും എങ്ങനെ നാടുപിടിക്കുമെന്നറിയാതെ വട്ടംകറങ്ങുകയാണ്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുള്ള രാത്രികാല ട്രെയിനില്‍ ഒന്നും സെപ്തംബര്‍ പകുതിവരെ ടിക്കറ്റ് ബുക്കിംഗ് സാധിക്കുന്നില്ല.
തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകുന്ന ഏറനാട്, പരശുറാം, ശനജനശതാബ്ദി എക്‌സ് പ്രസുകളിലും സമാന സ്ഥിതിയാണ്. ഓണ്‍ലൈന്‍ വഴിയുള്ള തത്കാല്‍ ടിക്കറ്റും കിട്ടുമെന്ന് ഉറപ്പുമില്ല. തത്കാല്‍ ബുക്കിംഗ് ആരംഭിച്ചാല്‍ രണ്ടോ മൂന്നോ മിനിറ്റിനകം ടിക്കറ്റുകള്‍ തീരുന്നു. റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറില്‍ ടിക്കറ്റെടുക്കാന്‍ പുലര്‍ച്ചെ നാലിനോ അഞ്ചിനോ എത്തിയാലും രക്ഷയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളിലെ സ്ഥിതിയും സമാനം. മിക്ക ബസുകളിലും ബുക്കിംഗ് പൂര്‍ണമായി. ട്രെയിന്‍, കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് സീസണ്‍ അനുസരിച്ച് തോന്നുംപോലെയാണെന്ന ആക്ഷേപമുണ്ട്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസുകളില്‍ 2000 രൂപയോളമാണ് ടിക്കറ്റ് ചാര്‍ജ്.
സ്പെഷ്യല്‍ സര്‍വീസുകളുമായി റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും
ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടില്‍ ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. ആഗസ്റ്റ് 29 മുതല്‍ സെപ്തം. 15 വരെയാണ് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അധിക സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ്. ബംഗളൂരുവില്‍ നിന്ന് കുട്ട, മാനന്തവാടി വഴിയാണ് കോഴിക്കേട്ടേക്കും മലപ്പുറത്തേക്കുമുള്ള സര്‍വീസുകള്‍. സൂപ്പര്‍ ഫാസ്റ്റ് ബസുകളും സൂപ്പര്‍ ഡീലക്‌സ് ബസുകളുമാണ് സര്‍വീസ് നടത്തുക. ഇവയിലും ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ അധിക സര്‍വീസ്
06041 മംഗളൂരു ജംഗ്ഷന്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ആഗസ്റ്റ് 21, 23, 28, 30, സെപ്തം. 4, 6, 11, 13 തിയതികളില്‍ സര്‍വീസ് നടത്തും. 06042 തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ജംഗ്ഷന്‍ എക്‌സ്പ്രസ് ഓഗസ്റ്റ് 22, 24, 29, 31, സെപ്തം. 5, 7, 12, 14 തിയതികളില്‍ സര്‍വീസ് നടത്തും. 06047 മംഗളൂരു ജംഗ്ഷന്‍ കൊല്ലം എക്‌സ്പ്രസ് ഓഗസ്റ്റ് 25, സെപ്തം. 1, 8 തീയതിലും 06048 കൊല്ലം മംഗളൂരു ജംഗ്ഷന്‍ എക്‌സ്പ്രസ് ഓഗസ്റ്റ് 26, സെപ്തം. 2,9 തീയതികളിലും സര്‍വീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |