തിരുവനന്തപുരം: യുവ എംഎൽഎയയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത്. താൻ ഗർഭിണിയാക്കിയ യുവതിയെ ഗർഭം അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടർ ചാനലാണ് സംഭാഷണങ്ങൾ പുറത്തുവിട്ടത്.
ശബ്ദ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ
യുവതി: താൻ അത് ഏൽക്കണം എന്ന് ഇവിടെ ആരും പറഞ്ഞില്ല.
യുവനേതാവ്: പിന്നെ എങ്ങനെയാണ് അത് വളരുന്നത്.
യുവതി: അത് താനറിയണ്ട.
യുവനേതാവ്: പിന്നെങ്ങനാടീ അത് വളരുന്നേ? ആ കൊച്ചിനെ കാണുന്നവർ എല്ലാം തന്തയില്ലാത്തവൻ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ.
യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ?
യുവനേതാവ്: പിന്നെ ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും.
യുവതി: അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം
യുവനേതാവ്: അത്തരം ബുദ്ധിമുട്ടുകളാ ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് എനിക്ക് ബുദ്ധിമുട്ടാവും.
യുവതി: അതെങ്ങനെയാ തനിക്ക് ബുദ്ധിമുട്ടാകുന്നത്.
യുവനേതാവ്: ഞാൻ അത് ഏൽക്കുകയും ചെയ്യും.
യുവതി: താൻ ഏൽക്കണമെന്ന് ഇവിടാരും പറഞ്ഞില്ലല്ലോ?
ഇങ്ങനെ പോകുന്നു സംഭാഷണം.
നേരത്തേ ഇത്തരത്തിലൊരു ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിൽ യുവനടി റിനി ആന്‍ ജോര്‍ജാണ് യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് വിവാദം വീണ്ടും ചൂടുപിടിച്ചത്. 'കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയക്കുകയും മോശം രീതിയിൽ സമീപിക്കുകയും ചെയ്തു. ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മൾ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോൾ സ്ത്രീകൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നവർ പോലും പരിഗണിക്കില്ല'- എന്നായിരുന്നു നടി പറഞ്ഞത്.
അതിനിടെ, ശക്തമായ ആരോപണങ്ങൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി നേതൃത്വം. എംഎൽഎ സ്ഥാനത്ത് തുടരാൻ തൽക്കാലം അനുവദിക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന വേളയിൽ കൂടുതൽ ശക്തമായ ആരോപണങ്ങൾ ഉയർന്നുവന്നാൽ എംഎൽഎ സ്ഥാനത്തുനിന്നടക്കം രാജിവയ്പ്പിക്കാനാണ് പാർട്ടി തീരുമാനം എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |