തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇക്കാര്യത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമായിരിക്കും നടപടി എന്നാണ് അറിയുന്നത്.
പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിനെതിരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനനേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് രാഹുലിനെതിരെ സംഘടനാതലത്തിൽ നടപടിയെടുക്കാനുള്ള വഴിതുറന്നത്. അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുളള തീരുമാനമെടുക്കേണ്ടത് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ്.
എഴുത്തുകാരി ഹണി ഭാസ്കർ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരുപറഞ്ഞതുതന്നെ രംഗത്തെത്തിയിരുന്നു. രാഹുൽ തന്നോട് സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്നാണ് ഹണി ഭാസ്കർ ആരോപിക്കുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ അയാളിൽ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി വ്യക്തമാക്കി. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരുമുണ്ടെന്നും ഹണി ഭാസ്കർ ആരോപിച്ചിരുന്നു.
'രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ല. ധെെര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ, നേരിടാൻ ഞാൻ തയ്യാറാണ്. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട്' -എന്നാണ് ഹണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പേജിലൂടെയും ഹണി ഭാസ്കർ രാഹുലിനെതിരെ പോസ്റ്റ് പങ്കുവച്ചിരുന്നു.
തദ്ദേശ, നിമയസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന വേളയിൽ രാഹുലിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾ പാർട്ടിയെ മോശമായി ബാധിക്കുമെന്നാണ് പാർട്ടികേന്ദ്രങ്ങളുടെ വിലയിരുത്തൽ. അതിനാൽ തെറ്റുകാരനെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കാനാണ് പാർട്ടിയുടെ തീരുമാനം. രാഹുലിനെതിരെ നടപടിയെടുത്താലും ഇത്രയുംനാൾ രാഹുലിനെ സംരക്ഷിച്ചു എന്ന ചീത്തപ്പേരിൽ നിന്ന് പാർട്ടിക്ക് തലയൂരാൻ അത്രയെളുപ്പം കഴിയില്ലെന്നും പാർട്ടികേന്ദ്രങ്ങളുടെ വിലയിരുത്തൽ. രാഹുലിനെതിരായ ആരോപണം വീണുകിട്ടിയ അവസരമായി എതിർപാർട്ടിക്കാർ ഉപയോഗിക്കുന്നുണ്ട്. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ കുഴങ്ങുകയാണ് പാർട്ടി നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |