കൊച്ചി: എറണാകുളം മുനമ്പത്തെ തർക്കഭൂമി ദൈവത്തിന് സമർപ്പിക്കപ്പെട്ട വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി. ഇഷ്ടദാന ആധാരപ്രകാരം 1950ൽ കൈമാറിയ ഭൂമിയാണിത്. 69 വർഷത്തിന് ശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരദ്ധമാണ്. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
മുനമ്പം തർക്കപരിഹാരത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന് തുടരാം. നിയമനം നിയമപരമാണ്. ജുഡിഷ്യൽ കമ്മിഷൻ ശുപാർശകളിൽ സർക്കാർ നടപടിയെടുക്കണം.
കമ്മിഷന്റെ നിയമനം നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലുകളാണ് അനുവദിത്. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കുകയും കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടികൾക്കുള്ള സ്റ്റേ നീക്കുകയും ചെയ്തു.
600 കുടുംബത്തിന്
ആശ്വാസം
50കളിൽ അബ്ദുൾ സത്താർ സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കൈമാറിയ 404 ഏക്കർ ഭൂമിയാണ് മുനമ്പത്തേത്. വ്യവസ്ഥകൾ മറികടന്ന് ഫാറൂഖ് മാനേജ്മെന്റ് ഭൂമി പലർക്കും വില്പന നടത്തി. കടൽകയറ്റത്തെ തുടർന്ന് 114 ഏക്കറാണ് അവശേഷിക്കുന്നത്. 600 കുടുംബങ്ങളാണ് ഇവിടെ കുടിയിറക്ക് ഭീഷണിയിലുള്ളത്. 2019 മേയ് 20ന് ഇതിനെ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് ഏറ്റെടുക്കാൻ വഖഫ് ബോർഡ് ശ്രമം നടത്തിയപ്പോഴാണ് പ്രക്ഷോഭം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |