കൊച്ചി: ആരോഗ്യമേഖലയിലെ ചെറിയ പ്രശ്നത്തെ പർവതീകരിച്ച് കാണിക്കാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേത് ലോകോത്തര നിലവാരത്തിലുളള ആരോഗ്യമേഖലയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി പുറത്തുകൊണ്ടുവന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വിമർശിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കൊവിഡ് മഹാമാരി സമയത്ത് ലോകം തന്നെ പ്രശംസിച്ചതാണ് കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനം. അതിലെ ചെറിയ ഒരു പ്രശ്നത്തെ പർവതീകരിച്ച് പറയുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടത്. എന്നിട്ട് അതിന്റെ ഭാഗമായിട്ട് സമരം നടത്തുക. പ്രത്യേക രീതിയിലുളള മാനസികാവസ്ഥയാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. ലോകത്തിലെ ആധുനിക ആരോഗ്യമേഖലയിലെ ശ്രദ്ധേയമായ ഒരു സംസ്ഥാനമാണ് കേരളം. കൊവിഡ് പശ്ചാത്തലത്തിൽ അമേരിക്ക വരെ പതറി നിന്ന സമയത്ത് കേരളം ആത്മവിശ്വാസത്തോടെയാണ് പ്രതിസന്ധികളെ നേരിട്ടത്. ആ സാഹചര്യത്തിൽ കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനം തകർന്നുവെന്ന് പറയാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. ഈ ശ്രമങ്ങൾ തടയേണ്ടതാണ്. കേരളത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ പറയാതെ വിമർശിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങുന്നുവെന്ന ആരോപണവുമായി ഡോ. ഹാരിസ് രംഗത്തെത്തിയത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡോക്ടറെ പരോക്ഷമായി വിമർശിച്ചിരുന്നു. 'തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധമുള്ള, അഴിമതി തീണ്ടാത്ത, ആത്മാർത്ഥതയോടെ ജോലി എടുക്കുന്ന അത്തരം ഒരാൾ പക്ഷേ, ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണം.' മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |