
തിരുവനന്തപുരം: സി.പി.എമ്മിൽ സ്ഥാനാത്ഥി പട്ടികയ്ക്ക് അന്തിമരൂപമായപ്പോൾ, പതിവിനു വിരുദ്ധമായി എതിർശബ്ദം ഉയർന്നു. മുതിർന്ന നേതാവ് ജി. സുധാകരൻ കലഹം പരസ്യമായി പ്രകടിപ്പിച്ചു. പേരാവൂരിൽ മത്സരിക്കണമെന്ന നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്ന കെ.കെ. ശൈലജ പൊതുവേദിയിലല്ലെങ്കിലും നീരസം പ്രകടമാക്കിയിട്ടുണ്ട്.
2006ൽ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോഴാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രതിഷേധിച്ച് നിരത്തിലിറങ്ങിയത്. മറ്റൊരു സന്ദർഭത്തിലും പാർട്ടി തീരുമാനം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ ഇക്കുറി പലരുടെയും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അതൃപ്തി പുറത്തേക്കുവരുന്നുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സമിതി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുന്നതോടെ മുറുമുറുപ്പിന് ശക്തി ഏറുമോ എന്നതിലാണ് ആകാംക്ഷ.
ടേം വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തവണ ഒഴിവാക്കിയ ജി. സുധാകരൻ ഇത്തവണ കടുത്ത അമർഷത്തിലാണ്. ആലപ്പുഴ ജില്ലയിൽ യു. പ്രതിഭയെയും മറ്റു ജില്ലകളിൽ പലനേതാക്കളെയും ടേം വ്യവസ്ഥ ഒഴിവാക്കി സ്ഥാനാർത്ഥിയാക്കുമ്പോഴാണ് സുധാകരനെ മാറ്റിനിറുത്തിയിരിക്കുന്നത്.
തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം ഭാര്യ പി.കെ. ശ്യാമള മതിയെന്നാണ് ഇന്നലെ സെക്രട്ടേറിയറ്റിൽ തീരുമാനമായത്. ഈ നീക്കത്തിലും സമൂഹമാദ്ധ്യമങ്ങളിൽ എതിർപ്പ് ഉയരുന്നുണ്ട്. ജനാധിപത്യമഹിളാ അസോസിയേഷൻ നേതാവും മുൻ എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യയുമായ സുകന്യയുടെയും പി.കെ. ശ്യാമളയുടെയും പേരുകളാണ് തുടക്കം മുതൽ ചർച്ച ചെയ്തിരുന്നത്. പിന്നീട് ശ്യാമളയിലേക്ക് ഒതുങ്ങുകയായിരുന്നു. മുതിർന്ന മറ്റൊരു നേതാവിനെ ഒതുക്കുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് സൂചന. എട്ടാം തീയതി നിയോജക മണ്ഡലം കമ്മിറ്റി ചേരുന്നുണ്ട്. ശ്യാമളയ്ക്കെതിരായ പ്രതിഷേധം യോഗത്തിൽ കടുത്താൽ തീരുമാനം മാറ്റിയേക്കും. അതിനുള്ള സാദ്ധ്യത വിരളമാണ്.
ഐസക്കിനും മണിക്കും സീറ്റില്ല
ഡോ.തോമസ് ഐസക്കും എം.എം.മണിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വ ശുപാർശ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല. ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർത്ഥി പട്ടികകളിൽ സംസ്ഥാന നേതൃത്വം ചില മാറ്രങ്ങൾ ആവശ്യപ്പെട്ടാണ് അന്തിമ പട്ടികയ്ക്ക് രൂപം നൽകിയത്.
ഉടുമ്പൻചോല മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ എം.എം. മണിയുടെ പേര് വെട്ടിയാണ് കെ.കെ.ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത് ജില്ലാ സെക്രട്ടേറിയറ്റ് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ടേം വ്യവസ്ഥയ്ക്ക് പുറമേ ആരോഗ്യപരമായ കാരണങ്ങളും മണിക്ക് തടസമായി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മറ്റു പല നേതാക്കളെയും പോലെ ഷുഗറിന്റെ വിഷയം മാത്രമാണുള്ളതെന്നും മണി പ്രതികരിച്ചിരുന്നു.
ആലപ്പുഴയിൽ മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനെ മത്സരിപ്പിക്കാൻ എം.എ.ബേബിയടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സെക്രട്ടേറിയറ്റിൽ ഐസക്കിന്റെ പേരു ചർച്ചയ്ക്കു പോലും വന്നില്ല. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ സി.എസ്.സുജാതയെയും പരിഗണിച്ചില്ല.ആറന്മുളയിൽ മന്ത്രി വീണാ ജോർജ്ജിനെ മത്സരിപ്പിക്കാനാണ് ശുപാർശയെങ്കിലും ഇക്കാര്യത്തിൽ ചിലപ്പോൾ മാറ്റം വന്നേക്കാം. തിരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയിരുന്ന കെ.ടി. ജലീലിനെ വീണ്ടും മത്സരിപ്പിക്കാനും ശ്രമമുണ്ട്.
തിരുവനന്തപുരത്ത് 10 സിറ്റിംഗ് എംഎൽഎമാരും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ്നൽകിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. കൊല്ലത്ത് മുകേഷിനു പകരം ആര് സ്ഥാനാർത്ഥിയാവുമെന്ന കാര്യത്തിൽ തീരുമാനമായില്ല.ഇന്നു സിപിഎം സംസ്ഥാന സമിതി ചേരും. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വൈകുന്നതിനാൽ എട്ടാം തീയതി സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകാൻ വഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |