തിരുവനന്തപുരം: കമലേശ്വരം ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ സി.ഇ.ഹസൻ സ്മാരക അവാർഡിന് കവിയും കേരളകൗമുദി സ്പെഷ്യൽ പ്രൊജക്ട്സ് എഡിറ്ററുമായ മഞ്ചു വെള്ളായണിയുടെ 'ജല ജമന്തികൾ 'എന്ന കവിതാ സമാഹാരം അർഹമായി. ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന സി.ഇ.ഹസന്റെ മൂന്നാം ചരമവാർഷികമായ മാർച്ച് എട്ടിന് വൈകിട്ട് ആറുമണിക്ക് ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡ് നൽകുമെന്ന് രക്ഷാധികാരി ഡോ.വി.ശിശുപാലപ്പണിക്കർ, പ്രസിഡന്റ് ഡോ.എം.എസ്.വിനയചന്ദ്രൻ, സെക്രട്ടറി എസ്.മോഹനകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഞ്ചു വെള്ളായണിയുടെ ഇരുപത്തിയഞ്ചാമത് കൃതിയായ ജലജമന്തികളും കേരള കൗമുദി വാരാന്തപ്പതിപ്പിലെ പംക്തിയായ മയിൽപ്പീലിയും സംഘർഷഭരിതമായ ജീവിതത്തിന് സ്നേഹാർദ്രതയുടെ തലോടലാണെന്ന് ബഷീർ മണക്കാട് അദ്ധ്യക്ഷനായ അവാർഡ് നിർണയ സമിതി വിലയിരുത്തി. മഞ്ചു വെള്ളായണിക്ക് തുഞ്ചൻ സ്മാരകസമിതി, ആശാൻ അക്കാഡമി, ഇലവുംമൂട്ടിൽ ശിവരാമപിള്ള സ്മാരകസമിതി, ബുക്ക് മാർക്ക്, ഗ്രന്ഥശ്രീ, ആലുവ അദ്വൈതസഭാ പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കൗമുദി ടി.വി സംപ്രേഷണം ചെയ്ത പരമ്പരയായ മഹാഗുരുവിന്റെ തിരക്കഥയുടെ രചയിതാവാണ്. അവാർഡുദാന ചടങ്ങിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി, നഗരസഭാ കൗൺസിലർമാരായ ഡി.സജുലാൽ, വി.വിജയകുമാരി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |