
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർമാരെയും മുനിസിപ്പാലിറ്റികളിലെ അദ്ധ്യക്ഷന്മാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം മേയറായി ബിജെപിയിലെ വിവി രജേഷിനെയും കൊച്ചി മേയറായി വികെ മിനിമോളെയും തിരഞ്ഞെടുത്തു. മിനിമോളെ ഷാളണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. മിനിമോൾക്ക് 48 വോട്ടാണ് ലഭിച്ചത്.കണ്ണൂരിൽ പി ഇന്ദിരയാണ് മേയർ. ഡോ. നിജി ജസ്റ്റിനെ തൃശൂർ മേയറായി തിരഞ്ഞെടുത്തു. തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു സ്വതന്ത്രനായി വിജയിച്ച എം രാധാകൃഷ്ണന്റെ വോട്ടടക്കം 51 വോട്ടാണ് വിവി രാജേഷിന് ലഭിച്ചത്.
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ കണ്ണൂർ, തൃശൂർ കൊച്ചി എന്നിവിടങ്ങളിൽ മേയർ സ്ഥാനം വനിതകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത്. കണ്ണൂർ,കൊല്ലം,തൃശൂർ, കൊച്ചി കോർപ്പറേഷനുകളിൽ അധികാരം യുഡിഎഫിനാണ്. തലസ്ഥാന കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തി. കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് എൽഡിഎഫ് മേയറുണ്ടാവുക.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം വോട്ടെടുപ്പിന് തൊട്ടു മുൻപ് സിപിഎം കൗൺസിലർ എസ് പി ദീപക് ചൂണ്ടിക്കാട്ടിയത് അല്പനേരം തർക്കത്തിനിടയാക്കി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കളക്ടർ അനുകുമാരി പറഞ്ഞതിനെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ പറഞ്ഞു.
ഏറെ ശ്രദ്ധേയമായ പാലാ നഗരസഭയിൽ ദിയാ ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷയായി. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് സ്വതന്ത്ര അംഗമായ 21 കാരിയായ ദിയ 14 വോട്ടുകൾ നേടിയാണ് ജയിച്ചത്. കേരള കോൺഗ്രസ് എം ഇവിടെ പ്രതിപക്ഷത്താണ്. കോട്ടയം നഗരസഭയിൽ എംപി സന്തോഷ് കുമാറാണ് ചെയർമാൻ. സിപിഎം നേതാവ് കാരായി ചന്ദ്രശേഖരനാണ് തലശേരിയിൽ നഗരസഭാദ്ധ്യക്ഷൻ.
ഫറോക്ക് നഗരസഭയിൽ യുഡിഎഫിലെ സി ചന്ദ്രികയാണ് അദ്ധ്യക്ഷ. ഇവിടെ യുഡിഎഫ് 23 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് 15 ലഭിച്ചു. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പട്ടാമ്പി നഗരസഭയിൽ കോൺഗസ് അംഗം ടി പി ഷാജി ചെയർമാനായി. രാമനാട്ടുകര നഗരസഭയിൽ യുഡിഎഫിലെ എം കെമുഹമ്മദലി കല്ലടയെ നഗരസഭാധ്യക്ഷനായി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരയോടെ നടത്തും. പഞ്ചായത്തുകളിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |