
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്കുള്ളിൽ ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖയെ മേയറാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. വിഷയത്തിൽ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സംഘടന ജനറൽ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തരമായി സന്ദർശിച്ചു.
തലസ്ഥാനത്ത് മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ പുറത്തുവന്നിരുന്ന സൂചനകൾ. ബിജെപിയിലെ അവസാനഘട്ട ചർച്ചകളിലും ശ്രീലേഖയുടെ പേരിനായിരുന്നു മുൻതൂക്കം. ശ്രീലേഖയുടെ പേര് ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു സൂചനകൾ. ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടതാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ജയം.
സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ മേയർ ആകുന്നതോടെ വീണ്ടും ചർച്ചയാവുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. അവസാന നിമിഷം ഒരു വിഭാഗം നേതാക്കൾ എതിർ അഭിപ്രായം പ്രകടിപ്പിച്ചതോടെ രാജേഷിനാണ് മുൻതൂക്കം. സിമി ജ്യോതിഷ്, ജി എസ് മഞ്ജു, ആശ നാഥ് എന്നീ പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |