
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിച്ച ബിജെപിയുടെ മേയർ വി വി രാജേഷിന് ഫോണിലൂടെ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മേയർ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയായിരുന്നു.
കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി വി രാജേഷിനെ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാഷ്‌ട്രീയ പരിചയം മുൻനിർത്തി രാജേഷിനെ മേയർ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. ആശാനാഥ് ആണ് ബിജെപിയുടെ ഡെപ്യൂട്ടി മേയർ.
മേയർ സ്ഥാനം ലഭിക്കാത്തതിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്ക് കടുത്ത അതൃപ്‌തി ഉണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തന്നെ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന വിവരം പ്രചരിച്ചിരുന്നു. എന്നാൽ, അവസാനഘട്ടത്തിലുണ്ടായ രാഷ്‌ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. അതൃപ്‌തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചെന്നാണ് സൂചന.
വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ട്. മുതിർന്ന കേന്ദ്ര നേതാക്കൾ ശ്രീലേഖയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് വിവരം. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |